തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ മുൻ എംപി രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍. പ്രിയങ്ക ഗാന്ധി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്.
സംസ്ഥാന നേതൃത്വത്തി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ സംസ്ഥാന നേതൃത്വം പട്ടിക കൈമാറുകയും എഐസിസി അംഗീകാരം നൽകുകയുമായിരുന്നു.
നവംബര്‍ 13നാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്. 23ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഔദ്യോഗകമായി പ്രഖ്യാപിച്ചത്.
പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത് മുതല്‍ക്ക് തന്നെ ഉയര്‍ന്നുകേട്ട പേരാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന്‍റേത്. മണ്ഡലത്തിലെ മുൻ എംഎല്‍എയും നിലവില്‍ വടകരയിലെ എംപിയുമായ ഷാഫി പറമ്പിലിന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും പിന്തുണ രാഹുലിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേട്ടമായതായാണ് സൂചന. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട രമ്യ ഹരിദാസിന് നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് അവസരം നല്‍കിയിരിക്കുകയാണ്.
Also Read :ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പി വി അന്‍വർ മുതല്‍ പി പി ദിവ്യ വരെ നീളുന്ന വിവാദങ്ങൾ ആളിക്കത്തും