വയനാട്/തൃശൂർ:വയനാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായി. വയനാട്ടിൽ 64.71 ശതമാനവും ചേലക്കരയിൽ 72.77 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനം കുറവ് പോളിങാണ് വയനാട് മണ്ഡലത്തിൽ ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 72.52 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. ഇത് മുന്നണികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വോട്ട് ചെയ്യാൻ പലയിടങ്ങളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കുറവായിരുന്നു എന്നാണ് വിലയിരുത്തൽ. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 69.42 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത പോളിങ്. മണ്ഡലത്തിലെ 184986 വോട്ടർമാരിൽ 128430 വോട്ടറുമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവമ്പാടിയിൽ 66.39 (184808 ൽ 122705 പേർ), കൽപ്പറ്റയിൽ 65.42 (210760 ൽ 137899 പേർ), വണ്ടൂരിൽ 64.43 ( 234228 ൽ 150917 പേർ), മാനന്തവാടിയിൽ 63.89 (202930 ൽ 129662 പേർ), സുൽത്താൻ ബത്തേരിയിൽ 62.66 (227489 ൽ 142562 പേർ), നിലമ്പൂരിൽ 61.91 (226541 ൽ 140273 പേർ) എന്നിങ്ങനെയാണ് പോളിങ് നില.