തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ തെരയാന്‍ സംയുക്ത. പട്ടാളം, എന്‍ഡിആര്‍എഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എം ഇ ജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ആറ് സെക്‌ടറുകളിലായി 40 ടീമുകളാകും ഇന്ന് തെരച്ചില്‍ നടത്തുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍റെ ഓഫിസ് അറിയിച്ചു.
അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍, മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമായാണ് തിരിച്ചിട്ടുള്ളത്. ചാലിയാറിന്‍റെ 40 കിലോമീറ്റര്‍ പരിധിയിലെ എട്ട് പൊലീസ് സ്റ്റേഷന്‍റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്‌ധരായ നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തും.
പൊലീസ് ഹെലികോപ്‌ടര്‍ ഉപയോഗിച്ച് സമാന്തരമായി തെരച്ചില്‍ നടത്തുമ്പോള്‍ കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുണ്ടകൈയിലേക്ക് നിര്‍മിച്ച ബെയ്‌ലി പാലത്തിലൂടെ ദിവസേന 25 ആംബുലന്‍സുകള്‍ മാത്രമേ കടത്തി വിടു. മേപ്പാടി പോളിടെക്‌നിക് ക്യാമ്പസില്‍ 25 ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം.