കേരളം

kerala

ETV Bharat / state

ഒറ്റ ഫേസ്ബുക്ക് അറിയിപ്പ്, ഒഴുകി എത്തിയത് ടൺ കണക്കിന് സാധനങ്ങൾ - Landslides Victims Received Help - LANDSLIDES VICTIMS RECEIVED HELP

വയനാട്‌ ഉരുൾപൊട്ടലിലെ ദുരിത ബാധിതര്‍ക്ക്‌ സഹായമെത്തിക്കാന്‍ ആവശ്യമറിയിച്ചുള്ള ഫേസ്ബുക്ക്‌ പോസ്റ്റിന്‌ പിന്നാലെ കളക്ഷന്‍ പോയിന്‍റിലേക്ക്‌ ഒഴുകിയെത്തിയത്‌ ടണ്‍ കണക്കിന് സാധനങ്ങള്‍

WAYANAD LANDSLIDES  VICTIMS RECEIVED HELP IN KOZHIKODE  KOZHIKODE ADMINISTRATION HELPS  വയനാട്‌ ഉരുൾപൊട്ടല്‍ ദുരിത ബാധിതര്‍
Mayor Beena Philip flagged off carts (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 2:38 PM IST

കോഴിക്കോട്‌: വയനാട്‌ ഉരുൾപൊട്ടിയതിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക്‌ സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ആഹ്വാനത്തിന്‌ ലഭിച്ചത്‌ വന്‍ പ്രതികരണം. ചൊവ്വാഴ്‌ച ഉച്ചക്ക് കോഴിക്കോട്‌ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ്‌ സെക്രട്ടറിയേറ്റ്‌ ഹാളില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്‍റിലേക്ക്‌ ഒഴുകിയെത്തിയത്‌ ടണ്‍ കണക്കിന് സാധനങ്ങള്‍. ജില്ലാ കലക്‌ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്‌ പേജില്‍ ആവശ്യമറിയിച്ച്‌ മണിക്കൂറുകള്‍ക്കകം നിരവധി പേരാണ്‌ തങ്ങളാലാവുന്ന സഹായങ്ങളുമായി ഒഴുകിയെത്തിയത്‌.

മണിക്കൂറുകള്‍ക്കകം പ്ലാനിങ്‌ സെക്രട്ടേറിയറ്റ്‌ ഹാളില്‍ സാധനസാമഗ്രികള്‍ കുന്നുകൂടിയതോടെ സഹായം സ്വീകരിക്കുന്നത്‌ തൽക്കാലം നിര്‍ത്തിവച്ചുവെന്ന്‌ ഇന്നലെ ഉച്ചയോടെ എഫ്‌ബി പേജില്‍ അറിയിപ്പ്‌ നല്‍കേണ്ട അവസ്ഥയുണ്ടായി. ചെറുപൊതികളുമായി വന്നവര്‍ മുതല്‍ വലിയ ലോറികളില്‍ സഹായസാമഗ്രികളുമായി എത്തിയവര്‍ വരെ ദൗത്യത്തില്‍ പങ്കാളികളായി. മുതിര്‍ന്നവരോടൊപ്പം കുട്ടികളും സാധനങ്ങളുമായെത്തി.

വ്യക്തികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ടായ്‌മകളും സംഘടനകളും വിദ്യാര്‍ഥികളും വ്യാപാരികളും വ്യവസായ സ്ഥാപനങ്ങളും തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ മഹാദൗത്യത്തില്‍ പങ്കാളികളായി. കുടിവെള്ളം ബ്രഡ്‌ ബണ്‍ ബിസ്‌ക്കറ്റ്‌ തുടങ്ങിയ പാക്ക്‌ ചെയ്‌ത ഭക്ഷ്യവസ്‌തുകള്‍, പലഹാരങ്ങള്‍, അരി, ആട്ട, പലവ്യഞ്‌ജനങ്ങള്‍, വിവിധ പ്രായക്കാര്‍ക്കുള്ള വസ്‌ത്രങ്ങള്‍, ചെരുപ്പ്‌, ടൂത്ത്‌ പേസ്‌റ്റ്, ബ്രഷ്‌, സോപ്പ്‌ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍, മാറ്റ്‌, പുതപ്പ്‌, തോര്‍ത്ത്‌, മരുന്നുകൾ തുടങ്ങി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവര്‍ക്കും ആവശ്യമായതെല്ലാം ഇവിടേക്ക്‌ ഒഴുകിയെത്തി.

പതിമൂന്ന് ട്രക്ക്‌ സാധനങ്ങളാണ്‌ ഇവിടെ നിന്നും വയനാട്ടിലേക്ക്‌ എത്തിച്ചത്‌. തിരുവനന്തപുരം ആലപ്പുഴ കാസര്‍കോട്‌ പത്തനംതിട്ട മലപ്പുറം പാലക്കാട്‌ കണ്ണൂര്‍ തുടങ്ങി മറ്റ് ജില്ലകളില്‍ നിന്നും സാധന സാമഗ്രികള്‍ ഇവിടേക്കെത്തി. ദുരന്ത മേഖലയിലെ എത്തിപ്പെടാനാവാത്ത മേഖലകളിലേക്ക്‌ എയര്‍ ഡ്രോപ്പ്‌ ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ 400 അവശ്യ ഭക്ഷ്യവസ്‌തുക്കള്‍ അടങ്ങിയ കിറ്റുകള്‍ കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.

നാവിക സേനയുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജമാക്കിയ മൂന്ന്‌ ഹെലികോപ്‌റ്ററുകളിലായാണ്‌ ഇവ വയനാട്ടിലെ ദുരന്തമേഖലകളില്‍ എത്തിക്കുക. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലുള്ള ടീമാണ്‌ കളക്ഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളും ഏകോപനവും നിര്‍വഹിക്കുന്നത്‌. സബ്‌ കലക്‌ടര്‍ ഹര്‍ഷല്‍ മീണ, അസിസ്റ്റന്‍റ്‌ കലക്‌ടര്‍ ആയുഷ്‌ ഗോയല്‍, കലക്‌ടറേറ്റ്‌ സീനിയര്‍ സൂപ്രണ്ട്‌ ആര്‍ എസ്‌ ഫൈസല്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ ഇ ബിന്ദു, അജിത്ത്‌, ഡോ നിജീഷ്‌ ആനന്ദ്‌, ദുരന്ത നിവാരണ വകുപ്പ്‌ ഉദ്യോഗസ്ഥര്‍, ജില്ലാ കലക്‌ടറുടെ ഇന്‍റേണുകള്‍ തുടങ്ങിയവര്‍ ഇവിടെ സജീവമായി രംഗത്തുണ്ട്‌.

രാപ്പകല്‍ ഭേദമില്ലാതെയാണ്‌ സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം കലക്ഷന്‍ പോയിന്‍റിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ചൂരല്‍ മലയിലെ സഹോദരങ്ങള്‍ക്കുള്ള കോഴിക്കോട്‌ നഗരത്തിന്‍റെ കൈത്താങ്ങായി ശേഖരിച്ച അവശ്യവസ്‌തുക്കളുമായി കോഴിക്കോട്‌ കോര്‍പറേഷന്‍റെ അഞ്ച്‌ വണ്ടികള്‍ വയനാട്ടിലേക്ക്‌ യാത്ര തിരിച്ചു. കോഴിക്കോട്‌ സബ്‌ കലക്‌ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുടെ സാന്നിധ്യത്തില്‍ മേയര്‍ ഡോ ബീന ഫിലിപ്പ്‌ വണ്ടികള്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ അഹമ്മദ്‌, സ്‌റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി, ഹെല്‍ത്ത്‌ ഓഫിസര്‍, മറ്റ്‌ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവശ്യ വസ്‌തുക്കളുമായി ടാഗോര്‍ ഹാളില്‍ എത്തിചേര്‍ന്ന സുമനസുകളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേയര്‍ നന്ദി പറഞ്ഞു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ആവശ്യമായ വസ്‌തുക്കളെ സംബന്ധിച്ച്‌ ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്‌ ലഭിക്കുന്ന മുറയ്‌ക്ക് ആവശ്യമെങ്കില്‍ വീണ്ടും ശേഖരണം നടത്തുമെന്നും മേയര്‍ അറിയിച്ചു.

ALSO READ:രക്ഷാദൗത്യത്തിന് കൂടുതല്‍ പേര്‍; തലസ്ഥാനത്ത് നിന്നും ഫയര്‍ ഫോഴ്‌സിന്‍റെ രണ്ടാമത്തെ സംഘം വയനാട്ടിലേക്ക്

ABOUT THE AUTHOR

...view details