കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ താൽക്കാലിക പാലം നിർമ്മിച്ചു. കരസേനയും ഫയർഫോഴ്‌സും മറ്റ് രക്ഷാസംഘങ്ങളും ചേർന്നാണ് താൽക്കാലിക പാലം തയ്യാറാക്കിയത്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും രംഗത്തിറങ്ങി.
ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങൾ കൂടി എത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും.
കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. നാവികസേനയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിങ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ സംഘത്തിൽ മെഡിക്കൽ വിദഗ്‌ധരുമുണ്ടാകും.