പുത്തുമലയിൽ കൂട്ടസംസ്‌ക്കാരം (ETV Bharat) വയനാട്: സര്‍വമത പ്രാര്‍ഥനയോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരിൽ തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം. പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് 9 പേരുടെ സംസ്‌കാരം നടന്നത്. പലരുടെയും ശരീര ഭാഗങ്ങൾ ആണ് ഉണ്ടായിരുന്നത്.
അടുത്ത ദിവസങ്ങളിലായി 20 മൃതദേഹങ്ങൾ കൂടെ സംസ്‌ക്കരിക്കും. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് പുത്തുമലയിലേക്ക് എത്തിയത്. ജനപ്രതിനിധികളും എത്തിയിരുന്നു.
തിരിച്ചറിയാനാവാത്ത എട്ട് പേരുടെയും തിരിച്ചറിഞ്ഞ ഒരാളുടെയും മൃതദേഹമാണ് പുത്തുമലയിൽ സംസ്‌ക്കരിക്കുന്നത്. ഒൻപതു പേരിൽ ഒരാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഡോ. അബ്‌ദുൾ കലാം കമ്മ്യൂണിറ്റി ഹാളിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. സര്‍വമത പ്രാര്‍ഥനയോടെയാണ് പുത്തുമലയില്‍ സംസ്‌ക്കാരം നടന്നത്.
അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണവും തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. ഇപ്പോള്‍ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. നൂറിലധികം ശരീര ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Also Read: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മനുഷ്യാവയവങ്ങള്‍ ആരുടേതെന്നറിയാന്‍ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം ആരംഭിച്ചു