2024ജൂലൈ 30 പുലര്‍ച്ചെ 2 മണി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായി വയനാട്ടിലെ മുണ്ടക്കൈയും ചൂരല്‍മലയും. കനത്ത മഴ പകര്‍ന്ന കുളിരില്‍ ശാന്തമായി ഉറങ്ങുമ്പോഴാണ് ഇടിത്തീ പോലെ ആ ദുരന്തം വന്ന് ഭവിച്ചത്. നൂറുകണക്കിന് ആളുകളുള്ള മുണ്ടക്കൈനെയും ചൂരല്‍മലയെയും കശക്കിയെറിഞ്ഞ് കല്ലും മണ്ണും പാറക്കൂട്ടങ്ങളും വന്നു പതിച്ചു. ദുരന്തത്തിന് ഇരയായതാകട്ടെ തോട്ടം തൊഴിലാളികള്‍ അടക്കമുള്ള സാധാരണക്കാര്‍. വലിയ ദുരന്തത്തിന് മുന്നറിയിപ്പ് നല്‍കും വിധം ആദ്യം ചെറിയ ഉരുള്‍പൊട്ടലില്‍ വെള്ളവും മണ്ണും ഒലിച്ചെത്തി. എന്നാല്‍ ഗാഢ നിദ്രയിലായിരുന്ന പലരും അത് അറിഞ്ഞത് പോലുമില്ല. അറിഞ്ഞവരാകാട്ടെ കുടുംബത്തെയും കൊണ്ട് സുരക്ഷിതയിടം തേടി പാഞ്ഞു. അയല്‍വാസികളില്‍ പലരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടു പിന്നാലെ മഹാദുരന്തം പാഞ്ഞടുക്കുമ്പോഴും പലരും നിദ്രയിലാണ്ടിരിക്കുകയായിരുന്നു. പൊട്ടിയൊലിച്ച് പാഞ്ഞെത്തിയ ദുരന്തമാകട്ടെ അതിവേഗത്തില്‍ കിലോമീറ്ററുകള്‍ താണ്ടി, ഒപ്പം നിരവധി ജീവനുകളും ജീവിതങ്ങളുമായി.
ഉറക്കത്തില്‍ വന്ന ദുരന്തമായത് കൊണ്ട് അപകടത്തില്‍പ്പെട്ടവരില്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനായില്ല. ഒഴുക്കില്‍പ്പെട്ട പലരും ശ്വാസം മുട്ടിയും പാറക്കെട്ടുകളില്‍ ഇടിച്ചും തത്ക്ഷണം മരിച്ചു. ചെളിയില്‍പ്പെട്ടവരാകട്ടെ അതില്‍ പുതഞ്ഞും ശ്വാസം നിലച്ചു.
ഒഴുക്കില്‍പ്പെട്ട പലരുടെ മൃതദേഹം പിന്നീട് കണ്ടെത്തുന്നത് നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍. മുണ്ടക്കൈയില്‍ നിന്നും ഒഴുകി സൂചിപ്പാറ വെള്ളച്ചാട്ടവും പിന്നിട്ടാണ് ഇവ ചാലിയാറിലെത്തിയത്. ലഭിച്ച മൃതദേഹങ്ങളാകട്ടെ പരിക്കേറ്റ് തിരിച്ചറിയാന്‍ പറ്റാത്തവിധവും. എന്നാല്‍ വെള്ളത്തിനൊപ്പം ഒഴുക്കില്‍പ്പെട്ട ഏതാനും ചിലര്‍ ആയുസിന്‍റെ ദൈര്‍ഘ്യമെന്നോണം എങ്ങനെയൊക്കെയോ കരപ്പറ്റി. കണ്ണിമവെട്ടുന്ന സമയം കൊണ്ടാണ് കേരളം കണ്ട ഈ മഹാദുരന്തം സംഭവിച്ചത്. പലര്‍ക്കും മക്കളെയും മാതാപിതാക്കളെയും നഷ്‌ടപ്പെട്ടു. ദുരന്തത്തില്‍ കരപ്പറ്റിയവര്‍ ഉറ്റവര്‍ എവിടെയെന്നറിയാതെ പകച്ചു നിന്നു.
പുലരി വെളിച്ചം പരക്കാത്ത സമയമായത് കൊണ്ട് തന്നെ പലര്‍ക്കും ദുരന്തത്തിന്‍റെ വ്യാപ്‌തി പോലും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ദുരന്ത വിവരം മറ്റിടങ്ങളിലേക്ക് വിളിച്ചറിയക്കാന്‍ പലരിലും മൊബൈല്‍ ഫോണുമില്ല. അതുള്ളവര്‍ക്കാകട്ടെ നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം അതിനുമായില്ല.
പുലര്‍ച്ചെയാണ് വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി പലരും സ്ഥലത്തെത്തിയത്. ദുരന്തത്തിന്‍റെ വ്യാപ്‌തി അവിടെയെത്തിയവരുടെ ഉള്ളുലച്ചു. ഇത്രയും വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് പിന്നിടാണ് പുറം ലോകമറിയുന്നത്. പിന്നീട് സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സൈന്യത്തിന്‍റെയുമെല്ലാം ഒഴുക്കായി. നിരവധി പേരെ ചെളിയില്‍ നിന്നും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. പലരുടെ മൃതദേഹം കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റി. ഓരോ മൃതദേഹം പുറത്തെടുക്കുമ്പോഴും ഉറ്റവര്‍ക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ പ്രതീക്ഷയോടെ എത്തിനോക്കി കൊണ്ടിരുന്നു.ഇതില്‍ തങ്ങളുടെ കുടുംബമുണ്ടോയെന്നറിയാന്‍.