വയനാട് :'ഇനി എങ്ങനെ ഇവിടെ ജീവിക്കും സാറേ... ഇനിയും ഇതുപോലെ സംഭവിച്ചാൽ നമ്മളും തീരും...' ദുരന്ത ഭൂമിയായ ചൂരല്‍മലയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രതികരണമാണിത്. മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്‌തമഴ ചൂരല്‍മലയേയും മുണ്ടക്കൈയേയും മൂടിയപ്പോള്‍ മഹാദുരന്തത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവരാണിവര്‍.
ഇവരെ പോലെ, ബന്ധുക്കളും വീടും കൃഷിയും അങ്ങനെ പ്രിയപ്പെട്ട പലതും നഷ്‌ടമായവര്‍ ഇവിടെ ഏറെയാണ്. ജീവന്‍ ഒഴികെ ബാക്കിയെല്ലാം മണ്ണെടുത്തു. രാവിലെ തെരച്ചില്‍ ആരംഭിക്കുന്നതുമുതല്‍ വൈകിട്ട് അവസാനിക്കുന്നതുവരെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാകും. ലക്ഷ്യം ഒന്നുമാത്രം, ചെളിക്കൂനകള്‍ക്കിടയില്‍ പെട്ട പ്രിയപ്പെട്ടവരെ കണ്ടെത്തണം.
ദുരന്തത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആറുനാളുകള്‍ക്കിപ്പുറവും ഇവര്‍ക്ക് ഞെട്ടല്‍ മാറിയിട്ടില്ല. കുലംകുത്തിയൊഴുകിയെത്തിയ കല്ലിനും മണ്ണിനും ഇടയില്‍ നിന്ന് പലരെയും രക്ഷിച്ചവര്‍, ഒരുകൈ അകലത്തില്‍ പ്രിയപ്പെട്ടവര്‍ ഒലിച്ചുപോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നവര്‍... അവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ കരച്ചിലാണ് ദുരന്തഭൂമിയില്‍ അലയടിക്കുന്നത്. ഇനി എന്ത് എന്ന ചോദ്യം മാത്രമാണ് ബാക്കി.