വയനാട്:താഴെ മലവെള്ളത്തിന്‍റെ കുത്തൊഴുക്ക് ചുറ്റിലും എല്ലാം തകര്‍ന്ന് കിടക്കുന്ന നാട്. മേലെ ആകാശത്ത് കാര്‍മേഘങ്ങളുണ്ടെങ്കിലും ക്ഷോഭം കഴിഞ്ഞ ശാന്തത. ഇന്ത്യന്‍ ആര്‍മി നല്‍കിയ സ്ട്രെക്‌ചറില്‍ കിടന്ന് കലിതുള്ളി ഒഴുകുന്ന മുത്തപ്പന്‍ പുഴയ്ക്ക് കുറുകെ കടന്ന ഓരോ മുണ്ടക്കൈ നിവാസിയുടേയും മനസ് ശൂന്യമായിരുന്നിരിക്കണം.
എല്ലാം നഷ്‌ടമായെന്ന് കരുതി ഇനി ജീവിതത്തിലേക്കില്ലെന്ന് കരുതിയേടത്ത് നിന്നാണ് ദൈവദൂതന്മാരെപ്പോലെ ഇന്ത്യന്‍ സേനാംഗങ്ങള്‍ അവരുടെ ഇടയിലേക്ക് എത്തിയത്. പുറം ലോകവുമായി ബന്ധം നഷ്‌ടപ്പെട്ട് മുണ്ടക്കൈയില്‍ കുടുങ്ങിയവരുടെ സമീപത്തേക്ക് എത്താന്‍ നേരം വെളുത്തത് മുതല്‍ രക്ഷാപ്രവര്‍ത്തകരും അഗ്നിശമന സേനയും ശ്രമിക്കുകയായിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയും ഗതിമാറിയൊഴുകുന്ന പുഴയും രണ്ടാള്‍പ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ചെളിയും പാറക്കല്ലുകളും ഒക്കെ കാരണം വഴിയേത് കിണറേത് എന്നറിയാതെ രക്ഷാപ്രവര്‍ത്തകര്‍ കുഴങ്ങിയ മണിക്കൂറുകള്‍. അവിടേക്കാണ് ടെറിട്ടോറിയല്‍ ആര്‍മിയിലേയും ഏഴിമല നാവിക അക്കാദമിയിലേയും സൈനികര്‍ ഉച്ചയോടെ എത്തിയത്.
മലവെള്ളപ്പാച്ചിലെടുത്ത പാലമായിരുന്നു ദുരന്തം കാരണം ഒറ്റപ്പെട്ട മുണ്ടക്കൈയില്‍ എത്താനുള്ള തടസമെന്ന് മനസിലാക്കിയ സൈന്യം ആദ്യം അവിടേക്ക് എത്താനുള്ള റോപ് വേ സജ്ജമാക്കുകയാണ് ചെയ്‌തത്. പിന്നെ ഓരോരുത്തരായി മറുകരയിലേക്ക്. വൈദ്യസഹായവും മരുന്നുകളുമായി നാവികസേന സംഘവും എത്തി.
പിറകെ അവിടെ കുടുങ്ങിയവരില്‍ പരിക്കേറ്റവരെ മുന്‍ഗണനയനുസരിച്ച് പ്രാഥമിക ചികില്‍സ നല്‍കി കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ധൈര്യം പകര്‍ന്ന് സൈന്യം കൂടെ നിന്നപ്പോള്‍ യാതൊരു മടിയും കൂടാതെ സ്ട്രക്ച്ചറിലും റോപ് വേയിലും കയറി ഓരോരുത്തരായി മറുകരയിലെത്തി.