വയനാട്: ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം. ഥാര്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. നവാസിനോടുള്ള വ്യക്തി വൈരാഗ്യത്തെ തുടർന്ന് ഥാർ ജീപ്പ് ഡ്രൈവർ സുമിൻഷാദിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന.
അപകടത്തിന് ശേഷം പൊലീസ് കസ്‌റ്റഡിയിലെടുത്ത സുമിൻഷാദിൻ്റെ സഹോദരനും പിതാവും നൽകിയ മൊഴിയുടേയും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. എന്നാൽ സംഭവത്തെ കുറിച്ച് പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഥാര്‍ സഞ്ചരിച്ചതിന്‍റെ സിസിടിവി ടിവി ദൃശ്യങ്ങള്‍. (ETV Bharat) നവാസിൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ അപകട സ്ഥലത്തെത്തിയ നാട്ടുകാർ തുടക്കം മുതലേ അപകടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ജീപ്പ് ഓടിച്ചിരുന്ന സുബിൻഷാദ് നിലവിൽ പരക്കുകളോടെ മേപ്പാടി വിംസിൽ ചികിത്സയിലാണ്. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണുള്ളത്.
സുബിൻഷാദിൻ്റെയും നവാസിന്‍റെയും കടകൾ റോഡിന് ഇരുവശമായാണ് സ്ഥിതിചെയ്യുന്നത്. ഇതിനിടെ നവാസിൻ്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം സുബിൻഷാദിന്‍റെ ഹോട്ടൽ ഒരു സംഘം അടിച്ചു തകർത്തിരുന്നു. ഈ ഹോട്ടലിൻ്റെ മുൻവശത്ത് രണ്ട് ദിവസം മുമ്പ് അജ്ഞാതൻ ആഭിചാര ക്രിയ ചെയ്യുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ നവാസിന് പങ്കുണ്ടെന്ന വിശ്വാസവും സുബിൻഷാദിൻ്റെ വ്യക്തി വൈരാഗ്യം കൂട്ടിയതായാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവം ഇങ്ങനെ:തിങ്കളാഴ്‌ച (ഡിസംബർ 2) രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്‌റ്റേറ്റ് ഫാക്‌ടറിക്ക് സമീപമായിരുന്നു നവാസിന്‍റെ മരണത്തിനിടയാക്കിയ അപകടം. ചുണ്ടേല്‍ എസ്‌റ്റേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിര്‍ വശത്ത് നിന്നെത്തിയ ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനത്തിരക്ക് വളരെ കുറവായ നേരേയുള്ള റോഡില്‍ അപകടസാധ്യത തീരെയില്ലെന്നും ഇത് മനഃപൂര്‍വ്വമുണ്ടാക്കിയ അപകടമാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇന്നലെ (ഡിസംബർ 3) വൈകീട്ടാണ് നവാസിന്‍റെ കബറടക്കം നടന്നത്. അതിനുശേഷം ബൈക്കിലെത്തിയ രണ്ടുപേര്‍ സുമില്‍ഷാദിന്‍റെ പിതാവ് നടത്തുന്ന ചുണ്ടേല്‍ വെള്ളംകൊല്ലിയിലെ മജ്‌ലിസ് റസ്‌റ്റോറന്‍റിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. മുന്‍ഭാഗത്തെ രണ്ടുവശത്തെ ചില്ലുകളും തകര്‍ന്നു.
ചില്ല് കൂടാതെ ഹോട്ടലിലെ കുറച്ച് മേശകളും തകര്‍ത്തിട്ടുണ്ട്. അപ്പോഴേക്കും ചുണ്ടേല്‍, ചുണ്ടേല്‍ എസ്‌റ്റേറ്റ് ഭാഗത്തുള്ളവരും അവിടേക്കെത്തി. വൈത്തിരിയില്‍ നിന്ന് പൊലീസുമെത്തി. നവാസിന്‍റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഏറെനേരം ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തിയത്.
Also Read:ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിയമര്‍ന്ന് കാര്‍, ഡ്രൈവര്‍ ഇറങ്ങിയോടി; വീഡിയോ