കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മലയാളത്തിലാണ് വോട്ട് ചെയ്യാൻ പ്രിയങ്ക അഭ്യര്‍ഥിച്ചത്. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്തെന്നും, വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക കുറിച്ചു.
'വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിങ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്ത്. വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാം' എന്ന് പ്രിയങ്ക കുറിച്ചു.
അതേസമയം, വയനാട്ടിലെ കോണ്‍ഗ്രസിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വയനാട്ടിൽ പണവും ലഹരിയുമൊഴുക്കി കോൺഗ്രസ് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്നാണ് അദ്ദേഹം ആരോപിച്ചത്. രാഷ്ട്രീയ വിഷയങ്ങളല്ല അവർ ഉന്നയിക്കുന്നതെന്നും വൈകാരികത ഉയർത്തി വോട്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.