വയനാട്: നാളേറെയായി തുടരുന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്ക് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തുകളില്‍. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ രണ്ടിടങ്ങളിലും രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 മണിവരെയാണ് സമ്മതിദാന അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള സമയം.
വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം ചേലക്കരയില്‍ ആറ് പേര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയിലാകട്ടെ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.
ചേലക്കരയില്‍ 180 പോളിങ് ബൂത്തുകളില്‍ മൂന്നെണ്ണം ഓക്‌സിലറി ബൂത്തുകളാണ്. മണ്ഡലത്തില്‍ 14 പ്രശ്‌ന ബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിലാകട്ടെ 1354 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ 30 ഓക്‌സിലറി ബൂത്തുകളാണ്. ജില്ലയിലാകട്ടെ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിലുള്ളത്.
പോളിങ് ബൂത്തുകളില്‍ വന്‍ തിരക്ക്:വയനാട് വോട്ടിങ് ആരംഭിച്ചതോടെ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ കാണാനായത്.
അതേസമയം കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ പൂവാറൻതോട്ടിലെ ജി.എൽ പി സ്കൂളിൽ സജ്ജീകരിച്ച ബൂത്തിലെ വോട്ടിങ് മെഷീൻ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ തകരാറിലായി.തുടർന്ന് ഒരു മണിക്കൂറോളം വോട്ടിങ് നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് വോട്ടിങ് പുനരാരംഭിച്ചത്.
ശക്തമായ പോരാട്ടം നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഇതുവരെ അനിഷ്‌ഠ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തങ്ങളുടെ പരമാവധി വോട്ടുകൾ ഉച്ചക്ക് മുമ്പ് തന്നെ പോളിങ് ചെയ്യിക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളും മുന്നണികളും. അതിനുവേണ്ടി പരമാവധി വോട്ടർമാരെ രാവിലെ തന്നെ എത്തിക്കാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കനത്ത സുരക്ഷയും തത്സമയ നിരീക്ഷണവും: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടങ്ങളിലെ പോളിങ് ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി വെബ് കാസ്റ്റിങ് സംവിധാനം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോഗ്രാഫര്‍, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്.