കോഴിക്കോട്:സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ ഡിജിറ്റൽ ലോകത്ത് സ്വയരക്ഷക്കുള്ള മാര്‍ഗ്ഗങ്ങൾ എന്നതിനെ പറ്റിയാണ് ഈ പരമ്പര. പരമ്പരയുടെ ഈ അധ്യായത്തില്‍ 'പ്രണയ തട്ടിപ്പു'കളെ പറ്റി കൂടുതലറിയാം.
പ്രണയ തട്ടിപ്പ്: സമ്മാനങ്ങൾ നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്
റൊമാൻസ് സ‌്‌കാമർമാർ പലപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണെന്ന വ്യാജേന ഡേറ്റിങ് പ്ലാറ്റ്ഫോമുകളും മാട്രിമോണിയൽ ആപ്ലിക്കേഷനുകളും സോഷ്യൽ മീഡിയയും വഴി ഇരകളെ ലക്ഷ്യമിടുന്നു. ഇവർ ഇരകളുമായി കൂടുതൽ വിശ്വാസം നേടിയെടുത്തതിന് ശേഷം അന്താരാഷ്‌ട്ര പാഴ്‌സലുകൾ വഴി വിലയേറിയ സമ്മാനങ്ങൾ അയക്കുമെന്ന് വാഗ്‌ദാനം നൽകുന്നു. പിന്നീട് പാഴ്‌സൽ അയച്ചെന്നും അത് ലഭിക്കുന്നതിന് കസ്‌റ്റംസ് ഫീസ് ആവശ്യമാണെന്നും പറഞ്ഞ് വ്യാജ കസ്‌റ്റംസ് ഉദ്യോഗസ്ഥർ ഇരയെ ബന്ധപ്പെടുന്നു. തുടര്‍ന്ന് ഒരു നിർദ്ദിഷ്‌ട അക്കൗണ്ടിലേക്ക് പണം അയക്കാൻ ഇരകളെ പ്രേരിപ്പിക്കുന്നു. പണമടച്ചതിന് ശേഷം തട്ടിപ്പുകാരൻ അപ്രത്യക്ഷമാകും. ഇരകൾക്ക് വാഗ്‌ദാനം ചെയ്‌ത സമ്മാനങ്ങൾ ഒരിക്കലും ലഭിക്കില്ല.
തട്ടിപ്പിലേക്കുള്ള വഴികൾ...
- ഓസ്ട്രേലിയയിലോ യുകെയിലോ യുഎസിലോ ആണെന്ന് അവകാശപ്പെടുന്ന റൊമാൻസ് സ്‌കാമർമാർ ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ വ്യാജ പ്രൊഫൈലുകൾ ഉപയോഗിക്കുന്നു. അല്ലെങ്കിൽ ഇൻസ്‌റ്റാഗ്രാം, ഫേസ്ബുക്ക് അല്ലെങ്കിൽ ഗൂഗിൾ ഹാംഗ്ഔട്ടുകൾ പോലുള്ള സോഷ്യൽ മീഡിയ വഴി ഇരകളുമായി ബന്ധപ്പെടുന്നു.
- അവര്‍ ഇരകളുമായി ബന്ധം സ്ഥാപിക്കുകയും ഒപ്പം വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുന്നു. എല്ലായിപ്പോഴും ആശയവിനിമയത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നു.
- ആഴ്‌ചകൾക്കോ മാസങ്ങൾക്കോ ശേഷം, ആഭരണങ്ങൾ, ലാപ്ടോപ്പുകൾ, സ്‌മാർട്ട്ഫോണുകൾ എന്നിവ പോലുള്ള വിലയേറിയ സമ്മാനങ്ങൾ ഒരു ട്രാക്കിങ് നമ്പറുള്ള അന്താരാഷ്‌ട്ര പാഴ്‌സൽ വഴി അയക്കുമെന്ന് അവർ അവകാശപ്പെടുന്നു.
- അതിനു ശേഷം വ്യാജ കസ്‌റ്റംസ് ഓഫീസർമാരിൽ നിന്ന് ഇരകൾക്ക് ഈ പാക്കേജ് റിലീസ് ചെയ്യുന്നതിന് കസ്‌റ്റംസ് ഫീസ് ആവശ്യമാണെന്നും പേയ്‌മെൻ്റ് നൽകണമെന്നും ആവശ്യപ്പെട്ട് ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കും.
- പണം അയച്ചുകഴിഞ്ഞാൽ, പാക്കേജ് ഒരിക്കലും എത്തില്ല.
- തട്ടിപ്പുകാർ അപ്രത്യക്ഷമാകും.
വലയിലാവാതിരിക്കാനുള്ള മാർഗ്ഗങ്ങൾ...
- അഡ്വാൻസ് പേയ്‌മെൻ്റുകൾ നൽകേണ്ടതായുള്ള എല്ലാ സമ്മാന വാഗ്‌ദാനങ്ങളും വഞ്ചനാപരമാണെന്ന് തിരിച്ചറിയുക.
- ഓൺലൈനിൽ, പ്രത്യേകിച്ച് ഡേറ്റിങ് പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയകളിലും പരിചയമില്ലാത്ത വ്യക്തികളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുക.
- ഓൺലൈൻ വഴി മാത്രം പരിചയമുള്ള ഒരാൾക്ക് ഒരിക്കലും പണം അയക്കുകയോ സാമ്പത്തിക വിവരങ്ങൾ നൽകുകയോ ചെയ്യരുത്.
- പ്രൊഫൈൽ പരിശോധനയിലൂടെയോ, ഫോട്ടോ വെരിഫിക്കേഷനിലൂടെയോ നിങ്ങൾ ആശയവിനിമയം നടത്തുന്ന വ്യക്തികളുടെ ഐഡന്‍റിറ്റി പരിശോധിക്കുക.
- ഇതുമായി ബന്ധപ്പെട്ട് നിയമനടപടി അറിയാവുന്നവരുമായി ബന്ധപെടുക.
കടപ്പാട്: സൈബർ വിഭാഗം കോഴിക്കോട്, തുടരും.
Also Read:കെണിയിൽ വീഴ്ത്തി പണം തട്ടാൻ 'സെക്‌സ്‌റ്റോർഷന്‍'; വലയില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക