മാനന്തവാടി:തീരദേശ മേഖലയായ മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അഞ്ച് പേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തവിഞ്ഞാല്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
തലപ്പുഴ വി.പി ഹൗസില്‍ വി.പി സലിം, ഫൈസി ഹൗസില്‍ സി.വി ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഉക്കാടന്‍ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവര്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചത്. ഇതില്‍ രവി, റഹ്മത്ത് എന്നിവരുടെ പേരില്‍ സ്ഥലം മാത്രമാണുള്ളത്. മറ്റുള്ള മൂന്ന് പേര്‍ വര്‍ഷങ്ങളായി ഇവിടെ വീട് വെച്ച് താമസിക്കുന്നവരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വഖഫിന്‍റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിന് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് അഞ്ച് പേര്‍ക്ക് നോട്ടീസ് അയച്ചത്.
മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ അംശം തിണ്ടുമ്മല്‍ ദേശത്തിലെ സര്‍വേ നമ്പര്‍ 47/1, 45/1 നമ്പറിലായി വ്യത്യസ്‌ത ആധാരങ്ങളിലായി രജിസ്റ്റര്‍ ചെയ്‌ത വഖഫിന്‍റെ 5.77 ഏക്കറില്‍ മദ്രസയും പള്ളിയും ഖബര്‍സ്ഥാനും ഉള്‍പ്പെടുന്ന 1.70 ഏക്കറില്‍ നിലവിലുള്ളതായാണ് പള്ളിക്കമ്മിറ്റി അധികൃതർ വഖഫ് ബോർഡിനെ അറിയിച്ചിട്ടുള്ളത്.
ബാക്കിയുള്ളവ തിരിച്ചു പിടിക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് അയച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ 16-നകം വഖഫ് ബോർഡിനെ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. അഞ്ച് പേര്‍ക്ക് മാത്രമാണ് നിലവില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ നോട്ടീസ് വരുമോ എന്ന ആശങ്കയിലാണ് സമീപത്തുള്ള പലരും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണം കൊടുത്ത് ആധാരം ചെയ്‌ത് സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
നിയമപരമായി നേരിടും: ഞങ്ങൾ ഉടമയിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ ഭൂമി കയ്യേറിയ ഭൂമിയാണെന്നാണ് നോട്ടീസിൽ പറയുന്നതെന്ന് നോട്ടീസ് ലഭിച്ച ഹംസ മൗലവി പറയുന്നു. ആധാരവും അടിയാധാരവും ഞങ്ങളുടെ കൈവശമുണ്ട്. കഴിഞ്ഞ ആഴ്‌ച വരെ നികുതി അടച്ച ഭൂമിയാണ് ഒരു സുപ്രഭാതത്തിൽ വന്ന് ഞങ്ങളുടെ ഭൂമിയാണെന്ന് വഖ്‌ഫ് ബോർഡ് പറയുന്നത്. മാനസികമായ വിഷമമുണ്ട്. നിയമപരമായി ഇതിനെ നേരിടുമെന്നും തലപ്പുഴ ചെറിയ പള്ളി ഇമാം കൂടിയായ ഹംസ മൗലവി പറയുന്നു.
തലപോയാലും ഒഴിയില്ല: 'എനിക്ക് ഇതുവരെ നോട്ടീസ് വന്നില്ല. പക്ഷെ ഇതേ സർവേ നമ്പറിൽ പെടുന്ന ഭൂമിയിലാണ് ഞാൻ താമസിക്കുന്നത്. നോട്ടീസ് വരുമെന്നും കുടിയൊഴിപ്പിക്കപ്പെടുമെന്ന പേടിയും നിലവിലുണ്ട്. 1963 ൽ കണ്ടതിൽ ജോണ്‍ എന്ന വ്യക്തിയിൽ നിന്നാണ് എന്‍റെ അച്ഛൻ ഈ സ്ഥലം വാങ്ങുന്നത്. 1974 ലാണ് പട്ടയം ലഭിക്കുന്നത്. അച്ഛനും അമ്മയും മരണപ്പെടുന്നതും ഇതേ സ്ഥലത്ത് വെച്ചാണ്. ഇതുപോലെ ഒരു നോട്ടീസ് വന്നാൽ എന്‍റെ തലപോയാലും ശെരി ഞങ്ങൾ ഇവിടുന്ന് ഒഴിയില്ല.'- പ്രദേശ വാസിയായ ശിവരാമൻ പറയുന്നു.