കണ്ണൂര്‍:മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ആരെയും കുടിയൊഴുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈവശ അവകാശമുള്ള ഒരാളെയും കുടിയൊഴുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അവിടുത്തെ താമസക്കാരെ ഒഴുപ്പിക്കില്ലെന്നും സര്‍ക്കാരിന്‍റെ നിലപാട് വഖഫ് ബോര്‍ഡിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂത്തുപറമ്പ് രക്തസാക്ഷിദിന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയൊഴുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അവിടെയുള്ളവര്‍ക്ക് നല്‍കരുതെന്ന് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും, ബോര്‍ഡ് ഇക്കാര്യം അംഗീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായ സംരക്ഷണമാണ് അവര്‍ക്ക് നല്‍കുക. സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ നിയമം നോക്കേണ്ടതുണ്ട്, നിയമോപദേശ പ്രകാരം സര്‍ക്കാര്‍ നിലപാട് സ്വീകരിക്കും.
നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. നിയമപരമായി വിഷയത്തിന്‍റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. നികുതി അടയ്‌ക്കാനുള്ള സ്‌റ്റേയ്‌ക്കെതിരെ കോടതിയെ സര്‍ക്കാര്‍ സമീപിക്കും. മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനം എടുക്കും.
ഒരു സര്‍ക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യം ഇതാണ്. ഇതിനര്‍ഥം ഒരു വിഭാഗത്തെ ശത്രുവായി കാണുന്നു എന്നല്ല, ഒരു പ്രശ്‌നം ഉണ്ടായാല്‍ സര്‍ക്കാര്‍ എങ്ങനെ യോജിപ്പോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.