ജന്മനാ കൈകൾ ഇല്ല, എന്നാൽ ചിത്രം വരയ്‌ക്കാൻ വൈശാഖിന് അതൊരു തടസമേ ആയിരുന്നില്ല. കാലുകൾകൊണ്ടു തീർത്ത വൈശാഖിന്‍റെ ചിത്രങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. ഇന്നിതാ വൈശാഖ് വരച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമാണ് നേതാക്കളുടെ സ്റ്റാറ്റസ് ഭരിക്കുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള തന്‍റെ ആരാധന അത്രയേറെ വൈകാരികതയോടെയാണ് വൈശാഖ് കാൻവാസിലേക്ക് പകർത്തിയത്.
ഓയിൽ പെയിന്‍റിങ്ങിലാണ് കാങ്കോൽ ഏറ്റുകുടുക്ക സ്വദേശി വൈശാഖ് ഉമ്മൻ ചാണ്ടിയുടെ ജീവൻ തുടിക്കുന്ന ചിത്രം വരച്ചത്. ഉമ്മൻ ചാണ്ടിയോടുള്ള അടങ്ങാത്ത ഇഷ്‌ടം തന്നെയാണ് ചിത്രം വരയ്‌ക്കാൻ പ്രേരണയായത്. ഉമ്മൻ ചാണ്ടിയുടെ മുഖവും കണ്ണും മുടിയുമെല്ലാം അതേ പൂർണതയിൽ ഈ യുവാവ് കാലുകൊണ്ട് വരച്ചൊരുക്കി.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വൈശാഖിന്‍റെ കാലുകൊണ്ടുള്ള ചിത്ര രചന. കൈ കൊണ്ട് ചെയ്യുന്ന അതേ വേഗതയിൽ പെയിന്‍റും ബ്രഷും ഉപയോഗിച്ച് ഇതിനകം 5000 ചിത്രങ്ങളാണ് വൈശാഖ് വരച്ചു തീർത്തത്. ചിത്ര രചന ശാസ്‌ത്രീയമായി പഠിച്ചിട്ടില്ലാത്ത വൈശാഖ് ഏറ്റുകുടുക്ക യുപി സ്‌കൂളിൽ പഠിക്കുന്നതിനിടെയാണ് ചിത്ര രചന മത്സരത്തിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും. അധ്യാപകരുടെ പ്രോത്സാഹനവും പിന്തുണയുമാണ് ചിത്ര രചനയിൽ തുടരാൻ വൈശാഖിന് പ്രചോദനമായത്.