രാമക്കല്‍മേട്ടിലേക്കുളള പ്രവേശനം തടഞ്ഞ തമിഴ്‌നാടിനെതിരെ എം എം മണിയും കെവിവിഇഎസും (ETV Bharat) ഇടുക്കി : രാമക്കല്‍മേട്ടിലേക്കുള്ള പ്രവേശനം തമിഴ്‌നാട് തടഞ്ഞതില്‍ പ്രതിഷേധം കനക്കുന്നു. കേരളത്തിന്‍റെ ഭൂമി കയ്യേറി ബോര്‍ഡ് സ്ഥാപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം എം മണി എംഎല്‍എ പ്രതികരിച്ചു. നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യാവസായി സമിതി തിങ്കളാഴ്‌ച (ഓഗസ്റ്റ് 12) കമ്പംമെട്ട് ചെക്പോസ്റ്റ് ഉപരോധിക്കും.
രാമക്കല്‍മേട്ടിലെ പ്രധാന വ്യൂ പോയിന്‍റിലേക്കുള്ള വഴി കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് വനം വകുപ്പ് അടച്ചത്. കേരളത്തിന്‍റെ അധീനതയിലുള്ള പ്രദേശവും അടച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌ത് പരിഹാരം കണ്ടെത്തണമെന്നും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാതയാണെന്നും എം എം മണി പറഞ്ഞു.
കാനന പാത കടന്ന് പോകുന്ന പ്രദേശത്തിന്‍റെ ഒരു ഭാഗം കേരളത്തിലാണ്. ഇവിടേക്കുള്ള പ്രവേശനം കൂടിയാണ് തമിഴ്‌നാട് തടഞ്ഞിരിക്കുന്നത്. ദിവസേന ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന രാമക്കല്ലിലേക്കുള്ള പ്രവേശനം തടഞ്ഞതിനെതിരെ പ്രതിഷേധവും കനക്കുകയാണ്. ബോര്‍ഡ് മാറ്റി വഴി പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ രാവിലെ 11 മണിക്ക് കമ്പംമെട്ട് ചെക്പോസ്റ്റ് ഉപരോധിക്കും എന്ന് വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ല കമ്മറ്റി വ്യക്തമാക്കി.
എം എം മണി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ വിവിധ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും മേഖലയില്‍ സന്ദര്‍ശനം നടത്തി.
Also Read:രാമക്കൽമേട്ടിലേക്കുള്ള പ്രവേശനം തടഞ്ഞ് തമിഴ്‌നാട്; അനധികൃതമായി പ്രവേശിച്ചാൽ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ്