കേരളം

kerala

ETV Bharat / state

ബൂത്തുകളിൽ വോട്ടർ പട്ടിക ഉറക്കെ വായിക്കൽ; കാസർകോട് നിന്ന് വേറിട്ട മാതൃക, രാജ്യത്ത് ആദ്യമെന്ന് സൂചന - ലോക്‌സഭ തെരഞ്ഞെടുപ്പ് 2024

വോട്ടർ പട്ടിക ഉറക്കെ വായിച്ചു കൊണ്ട് കാസർകോട് മണ്ഡലത്തിൽ 'തെരഞ്ഞെടുപ്പ് ഗ്രാമസഭ' വിളിച്ചുചേർക്കും. ഇതുവഴി ജീവിച്ചിരിക്കാത്തവരും സ്ഥലത്തില്ലാത്തവരുമായ വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കി പോളിങ് ശതമാനം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

Lok Sabha election 2024  Kasaragod lok sabha constituency  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  തെരഞ്ഞെടുപ്പ് ഗ്രാമസഭ
Kasaragod constituency will conduct voter list reading aloud in all booths

By ETV Bharat Kerala Team

Published : Mar 1, 2024, 4:41 PM IST

കാസർകോട് : വോട്ടർ പട്ടിക ശുദ്ധീകരണത്തിന് വീടുകൾ കയറിയുള്ള നടപടി ക്രമങ്ങൾ മാറുന്നു. കാസർകോട് നിന്നും വ്യത്യസ്‌തവും നൂതനവുമായ ആശയത്തിന് തുടക്കമാകുകയാണ്. കാസർകോട് പാർലമെന്‍റ് മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭ വിളിച്ചു ചേർത്ത് ബൂത്ത് ലെവൽ ഓഫിസർമാർ വോട്ടർ പട്ടിക ഉറക്കെ വായിക്കും (Voter list reading aloud in Kasaragod constituency).

രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഇതുകേട്ട് ആവശ്യമായ തിരുത്തലുകളും പരാതികളും നിർദേശിക്കും. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് 'തെരഞ്ഞെടുപ്പ് ഗ്രാമസഭ' എന്ന ആശയം കാസർകോട് നടപ്പാക്കുന്നതെന്നാണു സൂചന. മുമ്പ് കേരളത്തിൽ എവിടെയും ഇത്തരമൊരു പദ്ധതി ഉണ്ടായിട്ടില്ല.

വോട്ടർപട്ടിക ശുദ്ധീകരണ യജ്ഞത്തിന്‍റെ അവസാനഘട്ട പ്രവർത്തനമായാണ് ഗ്രാമസഭ ചേരുന്നത്. കാസർകോട് പാർലമെന്‍റ് മണ്ഡലങ്ങളിലെ (Kasaragod lok sabha constituency) ഏഴ് നിയമസഭ മണ്ഡല പരിധികളിലും അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർമാർക്കാണ് ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിന്‍റെ ചുമതല. പൊതുജനങ്ങൾക്കും പോളിങ് സ്റ്റേഷനിലെത്തി വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ പങ്കാളികളാകാം.

എല്ലാ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭയിൽ ബൂത്ത് ലെവൽ ഓഫിസർമാർമാരാണ് വോട്ടർപട്ടിക ഉറക്കെ വായിക്കുക. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയിൽപ്പെടുമ്പോൾ അവിടെനിന്നു തന്നെ ഫോം 6, 7, 8 എന്നിവ പൂരിപ്പിച്ച് ബിഎൽഒമാരെ ഏൽപ്പിക്കും. എൽഎസ്‌ജിഡി ജോയിന്‍റ് ഡയറക്‌ടർ, സബ് കലക്‌ടർ, ആർഡിഒ, എആർഒമാർ, ഇആർഒമാർ, സ്വീപ്പ് നോഡൽ ഓഫിസർ എന്നിവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകും.

പോളിങ് ശതമാനം ഉയർത്താനാകും: പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കലക്‌ടർ അഭ്യർഥിച്ചു. വോട്ടർപട്ടികയിൽ നിന്ന് അർഹരല്ലാത്തവരുടെ പേരുകൾ പരമാവധി ഒഴിവാക്കി പോളിങ് ശതമാനം ഉയർത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. രാജ്യത്തെവിടെയും ഇത്തരം ഒരു പദ്ധതി നടന്നതായി അറിവില്ലെന്നും കലക്‌ടർ പറഞ്ഞു.

മരിച്ചവരും സ്ഥലത്തില്ലാത്തവരുമായ വോട്ടർമാരെ പരമാവധി ലിസ്റ്റിൽ നിന്ന് ഒഴിവാക്കി പോളിങ് ശതമാനം 90നു പുറത്ത് എത്തിക്കാനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പ് ജില്ല വരണാധികാരി കൂടിയായ കലക്‌ടർ കെ. ഇമ്പശേഖരൻ പറഞ്ഞു.

എക്‌സൈസ് വകുപ്പും സജ്ജം :അതേ സമയം ലോകസഭ തെരഞ്ഞെടുപ്പുമായി (Lok Sabha election 2024) ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന്‍ ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂമും, കാസര്‍കോട് ഹോസ്‌ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ല അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിങ്ങിനായി ഒരു ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.

അബ്‌കാരി- മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവ തടയുന്നതിന് ജില്ലയിലൂടനീളം വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. മറ്റു വകുപ്പുകളുമായി ചേര്‍ന്നും അല്ലാതെയും കോമ്പിങ് ഓപ്പറേഷന്‍ വഴി വാഹന പരിശോധനയും നടത്തിവരുന്നുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details