ഇടുക്കി:കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം എം മണിക്ക് റെക്കോർഡ് ഭൂരിപക്ഷം നൽകിയ ഉടുമ്പൻചോല മണ്ഡലത്തിലെ വോട്ട് ചോർച്ച എൽഡിഎഫിലും സിപിഎമ്മിലും വരും ദിവസങ്ങളിൽ വാദം പ്രതിവാദങ്ങൾക്ക് കാരണമാകും. ആകെയുള്ള 10 പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്ന നിയമസഭ മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തുകളിലും എം എം മണിക്ക് ലീഡ് ലഭിച്ചിരുന്നു.
അങ്ങനെയാണ് 38,305 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എം എം മണി ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ ആറ് പഞ്ചായത്തുകളിൽ യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചു. രാജാക്കാട്, നെടുങ്കണ്ടം, വണ്ടൻമേട്, കരുണാപുരം, ഇരട്ടയാർ, പാമ്പാടുംപാറ പഞ്ചായത്തുകളിലാണ് ഡീൻ കുര്യാക്കോസിന് ലീഡ് ലഭിച്ചത്.
ഇതിൽ രാജാക്കാട്, കരുണാപുരം പഞ്ചായത്തുകളിൽ സിപിഎമ്മിൽ നിന്നും നെടുങ്കണ്ടം, ഇരട്ടയാർ പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് എമ്മിൽ നിന്നും വൻതോതിൽ വോട്ട് ചോർച്ചയുണ്ടായി. രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാൻ കഴിഞ്ഞത്.