തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്‌ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. പൊതുനയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ഗ്രാന്‍റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
817.80 കോടി രൂപയാണ് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി വിജിഎഫായി വിഴിഞ്ഞത്തിന് നല്‍കാൻ ശുപാര്‍ശ നല്‍കിയത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടുവച്ചു. തിരിച്ചടവിന്‍റെ കാലയളവില്‍ പലിശ നിരക്കിലുണ്ടാകുന്ന മാറ്റവും തുറമുഖത്തിന്‍റെ വരുമാനവും പരിഗണിച്ചാല്‍ ഏകദേശം 10000-12000 കോടി സംസ്ഥാനം തിരിച്ചടയ്‌ക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒറ്റത്തവണ ഗ്രാന്‍റായി നല്‍കാൻ സാധിക്കുന്ന രീതിയിലാണ് വിജിഎഫ് വിഭാവനം ചെയ്‌തിരിക്കുന്നത്. അവയെ വായ്‌പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയ വായ്‌പയായി വ്യാഖ്യാനിക്കുകയും പലിശയുള്‍പ്പടെയുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് മേലുള്ള ബാധ്യതയുമായി മാറ്റുകയുമാണ് ഈ നടപടിയിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിഎഫ് മാര്‍ഗ നിര്‍ദേശങ്ങളില്‍ എവിടെയും കണ്‍സേഷനറെ സഹായിക്കുന്ന ഗ്രാന്‍റ് തിരികെ നല്‍കണമെന്ന നിബന്ധനയില്ല. 2005ലാണ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിൽ (പിപിപി) വിജിഎഫ് നടപ്പിലാക്കി തുടങ്ങിയത്. അന്ന് മുതല്‍ ഇതുവരെ 238 പദ്ധതികള്‍ക്കായി ₹23,665 കോടിയോളം തുകയാണ് കേന്ദ്ര ധനമന്ത്രാലയം വിജിഎഫ് ആയി അനുവദിച്ചിട്ടുള്ളത്. ഇവയില്‍ ഒന്നിലും വായ്‌പയായി കണ്ടുള്ള തിരിച്ചടവുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുതൽമുടക്കിലുള്ള സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജിഎഫ് സ്‌കീം തന്നെ പ്രാവര്‍ത്തികമാക്കിയത്. വിഴിഞ്ഞത്തിന്‍റെ കാര്യത്തില്‍ വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ നിലപാട് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങിന്‍റെ യുക്തിയെ നിരാകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.
കേന്ദ്രം നല്‍കുന്ന 817.80 കോടി വിജിഎഫ് തുകയ്‌ക്ക് പുറമെ സമാനമായ തുക തന്നെ സംസ്ഥാന സര്‍ക്കാരുകളും കണ്‍സേഷനര്‍ക്ക് വിജിഎഫായി അനുവദിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയിലേക്ക് 4,777.80 കോടിയും നിക്ഷേപിക്കുന്നുണ്ട്. സാമ്പത്തിക കഷ്‌ടതകള്‍ക്കിടയിലും ദേശീയ പ്രാധാന്യമുള്ള പദ്ധതിയില്‍ വലിയൊരു തുക സംസ്ഥാന സര്‍ക്കാരും നിക്ഷേപിക്കുമ്പോള്‍ ഈ ശ്രമങ്ങള്‍ക്ക് കൃത്യമായ പരിഗണന ലഭിക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ധനകാര്യ മന്ത്രാലയം സ്വീകരിച്ച നിലപാട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചു. തൂത്തുക്കുടി തുറമുഖത്തിന്‍റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്കായി വിജിഎഫ് അനുവദിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിബന്ധനകള്‍ ഒന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. തൂത്തുക്കുടിക്ക് നല്‍കിയ അതേ പരിഗണന തന്നെ വിഴിഞ്ഞവും അര്‍ഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Also Read :'വിഴിഞ്ഞം തുറമുഖ വികസനത്തിന് കേന്ദ്ര സര്‍ക്കാരിൻ്റേത് പകപോക്കല്‍ സമീപനം'; മുഖ്യമന്ത്രി പിണറായി വിജയന്‍