തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യമായി ചരക്കുമായി എത്തുന്നത് കപ്പല്‍ ഭീമന്‍. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ മെസ്‌കിന്‍റെ (MAERSK) സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്ത് 2000 കണ്ടയ്‌നറുകളുമായാണ് എത്തുന്നത്. 2015 ല്‍ നിര്‍മിച്ച കപ്പലിന് 300 മീറ്റര്‍ നീളവും 48 മീറ്റര്‍ ഉയരവുമുണ്ട്.
മണിക്കൂറില്‍ 15.1 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കപ്പല്‍ നിലവില്‍ ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് സഞ്ചരിക്കുന്നത്. വിഴിഞ്ഞത്തേക്ക് മൂന്ന് ടഗ്ഗുകളും ഒരു പൈലറ്റ് സര്‍വേ വെസലുമാകും കപ്പലിനെ അടുപ്പിക്കുക. കപ്പലിന്‍റെ എന്‍ജിൻ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷമാകും തുറമുഖത്തേക്ക് വലിച്ചടുപ്പിക്കുക.
പൈലറ്റ് വെസല്‍ കപ്പലിന് ദിശയാകുമ്പോള്‍ മൂന്ന് ടഗ്ഗുകള്‍ പുറംകടലില്‍ നിന്നും തുറമുഖത്തേക്ക് കപ്പലിനെ കെട്ടിവലിയ്ക്കും. കണ്ടയ്‌നര്‍ വഹിച്ചുള്ള കപ്പല്‍ തുറമുഖത്ത് വന്നു പോകാന്‍ 24 മണിക്കൂറാണ് പ്രതീക്ഷിക്കുന്നത്. സാന്‍ ഫെര്‍ണാണ്ടോ കൊണ്ടു വരുന്ന കണ്ടയ്‌നറുകള്‍ ഇറക്കിയ ശേഷം രാത്രി 12 മണിയോടെ മടങ്ങും. പിന്നാലെ ചെറു കപ്പലുകളെത്തി ചരക്കുകള്‍ വിദേശ രാജ്യങ്ങളിലേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്കും കൊണ്ടു പോകും.
സെപ്റ്റംബര്‍ വരെ നടക്കുന്ന തുറമുഖത്തിന്‍റെ ട്രയല്‍ റണ്ണില്‍ ഇത്തരത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വന്‍ കപ്പലുകള്‍ ചരക്കുമായി എത്തി ട്രാന്‍സ്ഷിപ്പ്‌മെന്‍റ് പൂര്‍ത്തിയാക്കും. കണ്ടയ്‌നറുകളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായുള്ള രാജ്യത്തെ തന്നെ ആദ്യത്തെ 32 സെമി ഓട്ടോമേറ്റഡ് ക്രെയിനുകളില്‍ 31 എണ്ണവും സ്ഥാപിച്ചു. കേന്ദ്ര കസ്റ്റംസ് മന്ത്രാലയം വിഴിഞ്ഞത്തെ കസ്റ്റംസ് പോര്‍ട്ടായി നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്.
ഇമിഗ്രേഷന്‍ കസ്റ്റംസ് ഓഫിസുകളുടെ പ്രവര്‍ത്തനവും പൂര്‍ത്തിയായി വരികയാണ്. നിലവില്‍ പൈലറ്റ് കം സര്‍വേ വെസല്‍, വെസല്‍ ട്രാഫിക് മാനേജ്‌മെന്‍റ് സിസ്റ്റം, മൂറിങ് ലോഞ്ചസ് എന്നിവ സ്ഥാപിക്കുന്ന പണിയും പുരോഗമിച്ച് വരുന്നു. കപ്പലിന് സ്വീകരണമൊരുക്കുന്നത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് അധികൃതരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
തൊട്ട് പിന്നാലെ രണ്ടാം കപ്പലുമെത്തും :ആദ്യ കപ്പലിന് തൊട്ട് പിന്നാലെ രണ്ടാം കപ്പലും വിഴഞ്ഞത്തെത്തും. ജൂലൈ 11 ന് ട്രയല്‍ റണ്ണിനായി എത്തുന്ന ആദ്യ കപ്പലിന് 12 നാണ് സ്വീകരണം. ഇതിന് പിന്നാലെ രണ്ടാമത്തെ കപ്പല്‍ 13 ന് തീരത്ത് എത്തുമെന്നാണ് വിവരം. രണ്ടാം കപ്പലിന്‍റെ വരവ് നാളെ തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ മെസ്‌കിന്‍റെ സാന്‍ ഫെര്‍ണാണ്ടോയെന്ന കപ്പല്‍ യുറോപ്പില്‍ നിന്നുള്ള ചരക്കുമായി ചൈനയിലെ സിയാമിന്‍ തുറമുഖത്ത് നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ജുലൈ 10 ന് എത്തുന്ന ചരക്ക് കപ്പലിനെ ജുലൈ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖത്തേക്ക് സ്വാഗതം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും. ചരക്ക് കൈമാറ്റത്തിനായുള്ള ആദ്യ കപ്പലിന്‍റെ വരവ് വലിയ ആഘോഷമാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിരവധി അന്താരാഷ്ട്ര കപ്പല്‍ കമ്പനികളില്‍ നിന്നും അന്വേഷണങ്ങള്‍ സ്ഥിരമായി ഏത്താറുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗിക വക്താവ് അറിയിച്ചു.
Also Read: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിന് ഒരുങ്ങുന്നു; ഔദ്യോഗിക ഉദ്ഘാടനം ഓണദിവസങ്ങളിൽ നടക്കും