തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ട്രയൽ റൺ ജൂലൈ രണ്ടാംവാരം. കണ്ടെയ്‌നർ ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്നായിരിക്കും ആദ്യ ചരക്കുകപ്പൽ എത്തുകയെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
മദർ ഷിപ്പിൽ എത്തുന്ന ചരക്ക് ഇറക്കിയ ശേഷം ചെറിയ കപ്പലുകൾ ഉപയോഗിച്ച് ട്രാൻസ്ഷിപ്പ്മെന്‍റ് പരീക്ഷിക്കും. കപ്പലുകളെ തുറമുഖത്തേക്ക് നയിക്കാൻ നാല് ടഗ്ഗുകളും വിന്യസിച്ചിട്ടുണ്ട്. സെപ്‌റ്റംബർ വരെ ട്രയൽ റൺ തുടരും. ഔദ്യോഗിക ഉദ്ഘാടനം ഓണദിവസങ്ങളിൽ നടക്കും.
ചരക്ക് കപ്പലുകളുടെ വരവിന് വിഴിഞ്ഞത്തിന് കസ്റ്റോഡിയൻ കോഡ് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇത് ഉടൻ ലഭിക്കുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മറ്റ് സാങ്കേതിക അനുമതികളും നടപടിക്രമങ്ങളും അവസാന ഘട്ടത്തിലാണ്.
കേന്ദ്ര കസ്റ്റംസ് മന്ത്രാലയം ഈ തുറമുഖത്തെ കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചിട്ടുണ്ട്. ട്രയൽ റണ്ണിന് വരുന്ന കപ്പലിന് വൻ സ്വീകരണവും നൽകും. ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. അന്താരാഷ്‌ട്ര ഷിപ്പിംഗ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തിവരികയാണ്.
വിഴിഞ്ഞം തുറമുഖത്ത് 3000 മീറ്റർ ബ്രേക്ക് വാട്ടർ നിർമാണം പൂർത്തിയായി. 400 മീറ്റർ ബെർത്തും പൂർത്തിയായി. ബാക്കിയുള്ള ബർത്തിന്‍റെ നിർമാണം അവസാനഘട്ടത്തിലാണ്. രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകൾ വിഴിഞ്ഞത്ത് സ്ഥാപിച്ചു.
തുറമുഖത്തിന്‍റെ ആദ്യഘട്ടം പ്രവർത്തനക്ഷമമാകുമ്പോൾ 600 പേർക്കും അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ 700 പേർക്കും നേരിട്ട് തൊഴിൽ നൽകാനാണ് തീരുമാനം. കയറ്റുമതിയും ഇറക്കുമതിയും വർധിക്കുന്നതിനാൽ കേരളത്തിലെ വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെന്‍റ് തുറമുഖം പ്രവർത്തനക്ഷമമാകാനുള്ള അതിവേഗ പാതയിലാണ്. വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി നൽകി കേന്ദ്രം ജൂൺ 12 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി വിഴിഞ്ഞം മാറി.
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെന്‍റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വിഴിഞ്ഞത്തിന് നേരത്തെ അനുമതി നൽകിയിരുന്നു. 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും ഉൾപ്പെടെ ആകെ 32 ക്രെയിനുകളാണ് തുറമുഖ നിർമാണത്തിന് വേണ്ടത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.
കപ്പലുകളിൽ നിന്നെത്തുന്ന കണ്ടെയ്‌നറുകൾ ഇറക്കാൻ 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്‌നർ യാർഡ് നിർമിക്കും. ആദ്യഘട്ടത്തിൽ ഒരു ലക്ഷത്തോളം ചതുരശ്ര മീറ്റർ പ്രവൃത്തി പൂർത്തിയായി. തുറമുഖത്തിന്‍റെ വിവിധ ആവശ്യങ്ങൾക്കായി എട്ട് കെട്ടിടങ്ങൾ പൂർത്തിയായി. പ്രവർത്തനക്ഷമമായാൽ, ഇസ്രായേലിന്‍റെ ഹൈഫ മുതൽ കൊളംബോ വരെ അദാനി ഗ്രൂപ്പ് സൃഷ്‌ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും.
ALSO READ:കോട്ടയത്തെ ആകാശപാത; 'ആരോപണങ്ങള്‍ സിപിഎമ്മിന്‍റെ രാഷ്‌ട്രീയ പാപ്പരത്വമെന്ന് കോണ്‍ഗ്രസ്', വാക്‌പോര് മുറുകുന്നു