വിഷുവിന്‍റെ വരവറിയിച്ച് സംസ്ഥാനത്ത് പടക്ക വിപണി സജീവം കണ്ണൂര്‍:വടക്കന്‍ കേരളത്തില്‍ ശബ്‌ദഘോഷങ്ങളുടെ കാലമാണ് വിഷു. കോടികളുടെ പടക്ക വില്‍പനയാണ് ഇവിടങ്ങളില്‍ വിഷുക്കാലത്ത് നടക്കുന്നത്. ശിവകാശിയില്‍ നിന്നുള്ള പടക്കവും, പൂത്തിരിയും, നിലച്ചക്രവുമൊക്കെ വടക്കേ മലബാറിന്‍റെ തെരുവോരങ്ങള്‍ ഇതിനോടകം തന്നെ കീഴടക്കിയിട്ടുണ്ട്.
ഇത്തവണ 45 കോടിയിലേറെ രൂപയുടെ പടക്കം വില്‍പനയ്‌ക്ക് എത്തിയതായാണ് ഏകദേശ കണക്ക്. കോഴിക്കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ഭാഗങ്ങളിലാണ് പടക്ക കമ്പക്കാര്‍ ഏറെയുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പടക്കം ഉപയോഗിക്കുന്നവര്‍ മാഹി-തലശ്ശേരി ഭാഗത്താണ്.
ഡാന്‍സിങ് അമ്പ്രല, ഗോള്‍ഡന്‍ ഡക്ക്, ബാറ്റ് ആന്‍റ് ബോള്‍ എന്നിവയാണ് ഇത്തവണത്തെ വിഷു താരങ്ങളെങ്കിലും ന്യൂജനറേഷന് ഏറ്റവും പ്രിയം ഹെലികോപ്‌ടര്‍ ഡ്രോണിനോടാണ്. ഡ്രോണ്‍ പോലെ ആകാശത്ത് പറന്ന് വര്‍ണ്ണങ്ങള്‍ വാരി വിതറും ഇവ. ആയിരം തവണ വരെ പൊട്ടുന്ന മള്‍ട്ടി ഷോട്‌സും യുവാക്കളുടെ ഹരമാണ്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ കയ്യില്‍ കറങ്ങുന്ന കമ്പിത്തിരി, മഴവില്ല് തീര്‍ക്കുന്ന പൂക്കുറ്റി, ഉപരിതലത്തില്‍ നിറപ്പകിട്ടേകുന്ന നിലച്ചക്രം, കത്തിച്ച് രസിക്കാവുന്ന മാജിക് വിപ്പ് എന്നിവയും സുലഭമാണ്. ആയിരം രൂപം മുതല്‍ ഒരുലക്ഷം രൂപ വരെ വില വരുന്ന പടക്കങ്ങള്‍ വിപണിയിലുണ്ട്.
ഹരിത പടക്കമാണ് പതിവുപോലെ ഇത്തവണയും മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മാലിന്യ മുക്തവും, പുക നിയന്ത്രണവുമാണ് പടക്കങ്ങളെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പടക്കങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, കടകള്‍ക്ക് അംഗീകൃത ലൈസന്‍സ് ഉണ്ടോ എന്നതാണ്. ഓണ്‍ലൈന്‍ ആയും വാഹനങ്ങളില്‍ എത്തിച്ചുമുള്ള പടക്ക കച്ചവടം ഇപ്പോള്‍ വ്യാപകമാണ്. അതിനാല്‍ തന്നെ ജില്ലാതല ലൈസന്‍സും പെട്രോളിയം ആന്‍റ് സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍റെ ലൈസന്‍സുമുള്ള കടകളില്‍ നിന്നു വേണം പടക്കങ്ങള്‍ വാങ്ങാന്‍. ആഘോഷ വേളകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇതുതന്നെ മാര്‍ഗം.
ALSO READ:നിയമം കാറ്റില്‍ പറത്തി ബസിലും പാഴ്‌സലിലും 'വിഷുപ്പടക്കങ്ങൾ'; ആശങ്കയോടെ ജനം - FIRECRACKER TRANSPORT TO KERALA