കണ്ണൂര്‍ :കേരളത്തെ നടുക്കിയ വിഷ്‌ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന് (മെയ് 8). തലശ്ശേരി അഡിഷണൽ ജില്ല കോടതി(1)ൽ ജഡ്‌ജി എവി മൃദുലയാണ് വിധി പറയുക. 2023 സെപ്‌റ്റംബര്‍ 21ന് വിചാരണ ആരംഭിച്ച കേസില്‍ മെയ് നാലിനാണ് വാദം പൂര്‍ത്തിയായത്.
2022 ഒക്‌ടോബര്‍ 22നാണ് പാനൂർ വള്ളിയായിലെ കണ്ണച്ചൻകണ്ടി വിഷ്‌ണുപ്രിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയത്തില്‍ നിന്നും പിന്മാറിയതിലെ വിരോധമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ വിഷ്‌ണുപ്രിയയുടെ സുഹൃത്തായ ശ്യാംജിത്തിനെ കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
വിഷ്‌ണു പ്രിയ വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കുടുംബം ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ബന്ധു വീട്ടിലായിരുന്ന വിഷ്‌ണുപ്രിയ വസ്‌ത്രങ്ങള്‍ മാറാനും മറ്റുമായി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. വസ്‌ത്രം മാറാന്‍ വീട്ടിലേക്ക് പോയ വിഷ്‌ണുപ്രിയയെ ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അമ്മ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.
പ്രതി മുന്‍കൂട്ടി തീരുമാനിച്ചാണ് കൊലപാതകം നടത്തിയത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നും പ്രതി ചുറ്റികയും കൈയുറകളും വാങ്ങിയിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. വിഷ്‌ണു പ്രിയയും പ്രതിയും തമ്മിൽ നേരത്തെ ഫോണില്‍ സംസാരിച്ചതിന്‍റെ തെളിവുകളും കേസില്‍ നിര്‍ണായകമായിരുന്നു. കേസില്‍ 73 സാക്ഷികളാണുള്ളത്.