ആലപ്പുഴ : വിസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളം കാക്കനാട് സ്വദേശിയായ പ്രതി ബിജോയ് തോമസ് (51) പിടിയില്‍. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതിയെ എടത്വ പൊലീസ് പിടികൂടിയത്. ആലുവയില്‍ നിന്നാണ് പ്രതിയെ ഇന്നലെ (ഒക്‌ടോബര്‍ 11) രാത്രിയോടെ പൊലീസ് പിടികൂടിയത്.
സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. പ്രതി മൂന്ന് മൊബൈൽ ഫോണുകൾ മാറി മാറി ഉപയോഗിച്ചത് പൊലീസിനെ ഏറെ വലച്ചു. പ്രതിയിൽ നിന്നും നിരവധി എടിഎം കാർഡുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
ഇതിന് മുന്‍പും നിരവധി കേസുകളിൽ പ്രതിയായി ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ് പിടിയിലായ ബിജോയ് തോമസ്. വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളിലേക്ക് തീർഥാടന വിസ നൽകി അവിടുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയായിരുന്നു പതിവ്. ഇതു പോലെ നിരവധി പേരാണ് ചതിയില്‍ അകപ്പെട്ടിട്ടുള്ളത്.
ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ പ്രധാനമായും കേസെടുത്തിരിക്കുന്നത്. പണം നൽകി വഞ്ചിക്കപ്പെട്ട മറ്റു രണ്ടു തലവടി സ്വദേശികളുടെ പരാതികളില്‍ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
യുവതിയുടെ ആത്മഹത്യ കുറിപ്പിൽ നിന്നാണ് ഏജൻസിയെ കുറിച്ചും പ്രതിയെ കുറിച്ചും വിവരം ലഭിച്ചത്. ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. വിസ തട്ടിപ്പിന് ഇരയായ ശരണ്യ (34) കഴിഞ്ഞ അഞ്ചിനാണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പിൽ നിന്നും നിരവധി ആളുകളുടെ കയ്യിൽ നിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു.