കോഴിക്കോട് :'വെർച്ച്വൽ അറസ്റ്റിൽ' വീണ്ടും പണം തട്ടി സൈബർ കൊള്ളക്കാർ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും വീട്ടില്‍ 'വെര്‍ച്വല്‍ അറസ്റ്റില്‍' കഴിയണമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. മുംബൈ സൈബര്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോഴിക്കോട് സ്വദേശിയില്‍ നിന്നും 32,50,000 രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ഇരയായ വ്യക്തിയുടെ പേര്, ആധാര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് മുംബൈയില്‍ നിന്നും തായ്‌വാനിലേക്ക് കൊറിയര്‍ അയച്ചിട്ടുണ്ട്. കൊറിയര്‍ പരിശോധിച്ച മുംബൈ കസ്റ്റംസ് എംഡിഎംഎ, വ്യാജ പാസ്‌പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ കണ്ടെത്തി എന്ന് അറിയിച്ചു കൊണ്ട് ഫെഡെക്‌സില്‍ നിന്നാണെന്നു പറഞ്ഞാണ് കോള്‍ വന്നത്. തുടര്‍ന്ന് 'സ്‌കൈപ്പ്' മുഖേന മുംബൈ സൈബര്‍ ക്രൈം ബ്രാഞ്ച് എന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു.
കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയാണ് എന്ന് വിശ്വസിപ്പിക്കുന്നതിനായി സിബിഐ ചിഹ്നങ്ങളോടു കൂടിയ വ്യാജ നോട്ടിസുകളും രേഖകളും തട്ടിപ്പുകാർ കാണിച്ചു. മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന തരത്തിലുള്ള ഐഡി കാർഡും അയച്ച് കൊടുത്തു. വീട്ടില്‍ ഇപ്പോള്‍ സെല്‍ഫ് കസ്റ്റഡിയില്‍ അറസ്റ്റില്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു.