ചെന്നൈ :തമിഴ് ചലച്ചിത്രതാരം വിക്രം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 154 മരണമാണ് ദുരന്തത്തില്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ദുരന്തത്തില്‍ താരം അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിക്രം സംഭാവന നല്‍കുന്ന വിവരം അദ്ദേഹത്തിന്‍റെ മാനേജര്‍ യുവരാജാണ് എക്‌സിലൂടെ അറിയിച്ചത്. ഇതിനോടകം സഹായഹസ്‌തങ്ങളുമായി എല്ലാ മേഖലയില്‍ നിന്നും സുമനസുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
ഇന്നിപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി.
തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രാവിലെ പത്ത് മണിവരെ 123 മരണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു.
കേരളത്തില്‍ അടുത്തിടെയുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും വലുതാണ് വയനാട്ടിലുണ്ടായ ദുരന്തം. നിരവധി പേര്‍ ഇപ്പോഴും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍കൂടി വയനാട്ടില്‍ എത്തിച്ചശേഷം മേപ്പാടിയില്‍വച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ വിംസിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും 5 പേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.
Also read:വയനാട് ഉരുള്‍പൊട്ടല്‍: 123 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി; ഇതുവരെ തിരിച്ചറിഞ്ഞത് 75 പേരെ മാത്രം