തിരുവനന്തപുരം: വിജയദശമി ദിനമായ നാളെ (ഒക്‌ടോബര്‍ 13) കുരുന്നുകള്‍ ആദ്യാക്ഷരമെഴുതി അറിവിന്‍റെ വെളിച്ചം തേടും. ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും നാളെ ആയിരങ്ങള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിരുവനന്തപുരത്ത് നാളെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകം, പൂജപ്പുര സരസ്വതി മണ്ഡപം, കരിക്കകം, ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം, പൗര്‍ണമിക്കാവ് ദേവി ക്ഷേത്രം, മൂക്കോലയ്ക്കല്‍ ഭഗവതി ക്ഷേത്രം എന്നിങ്ങനെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.
ശാന്തിഗിരി ആശ്രമത്തിലെ പ്രാര്‍ഥനാലയം, താമരപര്‍ണശാല, സഹകരണമന്ദിരം വൈദികമഠം, ബോധാനന്ദ സ്വാമി പീഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. ശാന്തിഗിരിയില്‍ പ്രാര്‍ഥനാലയത്തിലും ശിവഗിരിയില്‍ ശാരദാദേവി സന്നിധിയിലുമാകും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുക. പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന് തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.
ഏഴ് മണിക്ക് സംഗീത വിദ്യാരംഭം ഉണ്ടാകും. തുഞ്ചന്‍ സ്‌മാരകത്തില്‍ രാവിലെ ഏഴ് മണിക്കാകും വിദ്യാരംഭം നടക്കുക. ദേശീയ ബാലതരംഗം ഗാന്ധി സ്‌മാരക നിധിയുമായി സഹകരിച്ച് തൈക്കാട് ഗാന്ധി ഭവനില്‍ നാളെ രാവിലെ 7.30നാകും വിദ്യാരംഭം നടത്തുക. വിജയദശമിക്കായുള്ള ഒരുക്കങ്ങള്‍ക്കായി തലസ്ഥാന നഗരത്തിലും രാത്രി കാലങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
Also Read:വിജയദശമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും