ഹൈദരാബാദ്: ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോണിന്‍റെ ഈ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ സിട്രോൺ ബസാൾട്ട്. ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിങാണ് നേടിയത്. 7.99 ലക്ഷം രൂപ മുതൽ 13.83 ലക്ഷം രൂപ വരെയാണ് സിട്രോൺ ബസാൾട്ട് എസ്‌യുവി കൂപ്പിന്‍റെ ഇന്ത്യയിലെ പ്രാരംഭവില (എക്‌സ്‌ഷോറൂം).
ടാറ്റ മോട്ടോർസിന്‍റെ കാറുകൾ അല്ലാതെ ഇന്ത്യൻ ക്രാഷ് ടെസ്റ്റിങ് ഏജൻസി പരീക്ഷിക്കുന്ന ആദ്യത്തെ കാറാണിത്. കാറിന് അപകടം സംഭവിക്കുമ്പോഴോ, കൂട്ടിയിടിക്കുമ്പോഴോ അതിലെ യാത്രക്കാരുടെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്നത് പരിഗണിച്ചാണ് സുരക്ഷ റേറ്റിങ് നൽകുന്നത്. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷ, ഭാരത് എൻസിഎപി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി ലോക്ക് എന്നീ കാര്യങ്ങളുടെ സുരക്ഷയാണ് ഭാരത് എൻസിഎപി പ്രധാനമായും വിലയിരുത്തുക.
മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്‌ക്ക്(അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ) 32ൽ 26.19 പോയിൻ്റും കുട്ടികളുടെ സുരക്ഷയ്‌ക്ക് (ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ) 49ൽ 35.90 പോയിൻ്റും ആണ് ബസാൾട്ടിന് നേടാനായത്. ഈ പോയിന്‍റ് പരിഗണിച്ചാണ് റേറ്റിങ് നൽകുക. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷനിലും ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിലും 4-സ്റ്റാർ റേറ്റിങാണ് ഭാരത് എൻസിഎപി ബസാൾട്ടിന് നൽകിയിരിക്കുന്നത്.
എന്താണ് എൻസിപിയുടെ ക്രാഷ് ടെസ്റ്റ്?
ഇന്ത്യയിൽ കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഏജൻസിയാണ് ഭാരത് ന്യൂ കാർ അസസ്‌മെന്‍റ് പ്രോഗ്രാം (NCAP). വാഹനങ്ങളുടെ നിർമാണ കേന്ദ്രത്തിൽ നിന്നോ, ഡീലർ ഔട്ട്‌ലെറ്റിൽ നിന്നോ വാഹനത്തിന്‍റെ ഒരു ബേസിക് മോഡൽ ക്രമരഹിതമായി ഭാരത് എൻസിഎപി തെരഞ്ഞെടുക്കും. തെരഞ്ഞെടുത്ത വാഹനം നിയുക്ത കേന്ദ്രത്തിലെത്തിച്ച് ക്രാഷ് ടെസ്റ്റ് നടത്തും. ഈ സമയത്ത് കമ്പനിയുടെയും ഭാരത് എൻസിഎപിയുടെയും പ്രതിനിധികളും ഉണ്ടാകും.
കാറിനുള്ളിൽ യാത്രക്കാരുടെ ഡമ്മി വെച്ച് കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിപ്പിച്ചാണ് സുരക്ഷ പരിശോധിക്കുക. യാത്രക്കാരായി മുതിർന്നവരുടെയും കുട്ടികളുടെയും ഡമ്മി ഉൾപ്പെടുത്തും. കൂട്ടിയിടിക്കുന്ന സമയത്ത് യാത്രക്കാർക്ക് ആഘാതങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും വാഹനത്തിലെ സുരക്ഷ ക്രമീകരണങ്ങൾ എത്രത്തോളം സുരക്ഷ നൽകുന്നുവെന്ന് വിലയിരുത്തിയാണ് റേറ്റിങ് നൽകുന്നത്. കാറിന്‍റെ വിവിധ വശങ്ങളിൽ നിന്നുണ്ടാകുന്ന കൂട്ടിയിടികളിൽ യാത്രക്കാരുടെ അവയവങ്ങൾക്ക് ലഭിക്കുന്ന സുരക്ഷ പരിശോധിച്ചു കൊണ്ടാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്.
അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ: മുതിർന്ന യാത്രക്കാരുടെ സുരക്ഷ പരിശോധിച്ചപ്പോൾ, സിട്രോൺ ബസാൾട്ട് മുന്നിലിരിക്കുന്ന മുതിർന്ന യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ നൽകുന്നതായി കണ്ടെത്തി. കാറിന്‍റെ മുൻവശത്തെ ഭാഗം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുമ്പോൾ, ഡ്രൈവറുടെയും മുൻവശത്തിരിക്കുന്ന യാത്രക്കാരന്‍റെയും തലയ്ക്കും കഴുത്തിനും നെഞ്ചിനും സംരക്ഷണം ലഭിച്ചു. വാഹനത്തിലുള്ള എയർബാഗുകളാണ് സുരക്ഷ നൽകിയത്.
ഡ്രൈവറുടെയും സഹയാത്രികന്‍റെയും തുടകൾക്കും ഇടത് കാലിനും ചെറിയ രീതിയിലാണ് സംരക്ഷണം ലഭിച്ചത്. സൈഡ് ഇംപാക്‌ട് ടെസ്റ്റിൽ, ഡ്രൈവറുടെയും സഹയാത്രികന്‍റെയും തല, നെഞ്ച്, ഉദരം, പെൽവിസ് എന്നീ ഭാഗങ്ങൾക്ക് മതിയായ സുരക്ഷ ലഭിച്ചു. ഇത് പരിഗണിച്ച് 4-സ്റ്റാർ സുരക്ഷാ റേറ്റിങാണ് അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ സിട്രോൺ ബസാൾട്ടിന് ലഭിച്ചത്.
ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ: കാറിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ പരിശോധിച്ചപ്പോൾ, ചൈൽഡ് റെസ്‌ട്രെയിന്‍റ് സിസ്റ്റം ഉപയോഗിച്ചുള്ള ഡൈനാമിക് ടെസ്റ്റിൽ കാർ 24 ൽ 19.90 സ്കോർ നേടി. ഫ്രണ്ട്, സൈഡ് വശങ്ങളിൽ നിന്ന് നടത്തിയ കൂട്ടിയിടിക്കലിൽ നിന്ന് കാർ 18 മാസം പ്രായമുള്ള കുട്ടിയ്‌ക്ക് എത്രത്തോളം സംരക്ഷണം നൽകിയെന്നത് പരിഗണിച്ച് നൽകിയ സ്‌കോറുകൾ യഥാക്രമം എട്ടിൽ 8ഉം നാലിൽ 4 ഉം ആയിരുന്നു.
എന്നാൽ 3 വയസ്സുള്ള കുട്ടിയെ ഫ്രണ്ട് ഇംപാക്‌ടിൽ നിന്ന് സംരക്ഷിക്കുന്നതിന് ലഭിച്ച സ്‌കോർ 8ൽ 3.9 ഉം, സൈഡ് ഇംപാക്‌ടിൽ നിന്നുള്ള സംരക്ഷണത്തിന് ലഭിച്ച സ്‌കോർ നാലിൽ 4ഉം ആയിരുന്നു. ഫ്രണ്ട് ഇംപാക്‌ടിന് ലഭിച്ച സ്‌കോർ കുറവാണെങ്കിലും, അത്രയും തന്നെ പ്രശംസനീയമാണ്. ഈ സ്‌കോറുകൾ പരിഗണിച്ച് 4-സ്റ്റാർ സുരക്ഷാ റേറ്റിങാണ് ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ സിട്രോൺ ബസാൾട്ടിന് ലഭിച്ചത്.
സിട്രോൺ ബസാൾട്ടിൻ്റെ സുരക്ഷ ഫീച്ചറുകൾ:
- വിവിധ വശങ്ങളിലായി 6 എയർബാഗുകൾ
- ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്
- ഇബിഡി ഉള്ള എബിഎസ്
- ഇഎസ്‌സി
- ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)
- ISOFIX ചൈൽഡ് സീറ്റ് മൗണ്ട്
- സെൻസറുകൾ
- റിവേഴ്‌സ് പാർക്കിങ് ക്യാമറ
- എഞ്ചിൻ ഓപ്ഷൻ: 109 bhp കരുത്തുള്ള 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 6-സ്‌പീഡ് മാനുവൽ/6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ്, 82 bhp കരുത്ത് നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 5 സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷനുകൾ
സിട്രോൺ ബസാൾട്ടിൻ്റെ വില:
2024 ഓഗസ്റ്റിലാണ് സിട്രോൺ ബസാൾട്ട് എസ്‌യുവി കൂപ്പ് ഇന്ത്യന വിപണിയിലെത്തിയത്. 7.99 ലക്ഷം മുതൽ 13.83 ലക്ഷം രൂപ വരെയാണ് സിട്രോൺ ബസാൾട്ടിൻ്റെ എക്‌സ് ഷോറൂം വില വരുന്നത്. കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV 3XO, മാരുതി ബ്രെസ്സ തുടങ്ങിയ സബ്കോംപാക്റ്റ് എസ്‌യുവികളുമായാണ് സിട്രോൺ ബസാൾട്ട് എസ്‌യുവി വിപണിയിൽ മത്സരിക്കുന്നത്.