കാസർകോട്: നീലേശ്വരം എസ്എസ് കലാമന്ദിർ ഗ്രാമത്തിൽ എത്തിയപ്പോൾ കണ്ടത് ഓരോ മനുഷ്യരുടെ ശരീരത്തിൽ വിവിധ തരത്തിലുള്ള പാടുകളും മുറിവുകളുമായിരുന്നു. ഒരു വില്ലൻ പരുന്തിൻ്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഈ ഗ്രാമത്തിലെ അപൂർവമാളുകൾ മാത്രമാണ്. കണ്ണിൽ കണ്ടവരെയൊക്കെ കൊത്തിപ്പറിച്ച കൃഷ്‌ണപ്പരുന്ത് നാട്ടിൽ ചില്ലറയൊന്നുമല്ല ഭീതി പരത്തിയത്.
കഴുത്തിലും കൈയിലുമാണ് പലർക്കും പരിക്കേറ്റത്. ഒടുവിൽ വനംവകുപ്പ് പരുന്തിനെ പിടികൂടി കർണാടക അതിർത്തിയിൽ പറത്തിവിട്ടിരുന്നു. എന്നാല്‍ ആറാം നാൾ വീണ്ടും പരുന്ത് തിരിച്ചെത്തി. അതും മറ്റൊരു പരുന്തുമായി. ഇതോടെ കുട്ടികളടക്കമുള്ളവർക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഭയമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനംവകുപ്പ് അധികൃതർ വീണ്ടുമെത്തി പരുന്തിനെ കൂട്ടിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നെയും ഉപദ്രവം തുടർന്നു. തന്നെ രണ്ട് തവണയാണ് പരുന്ത് ആക്രമിച്ചതെന്ന് പ്രദേശവാസിയായ പദ്‌മിനി പറഞ്ഞു. പിന്നെ പുറത്തിറങ്ങാൻ ഭയമായെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഒടുവിൽ നാട്ടുകാർ പരുന്തിനെ പിടികൂടാൻ രംഗത്തിറങ്ങി. അങ്ങനെ ഇന്ന് രാവിലെ ഒരു വീടിൻ്റെ മുറ്റത്തെത്തിയ പരുന്തിനെ നാട്ടുകാർ പിടികൂടി കൂട്ടിലടച്ചു.
വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്‌തു. പരുന്തിനെ പിടികൂടിയപ്പോൾ നാട്ടുകാർ മുഴുവൻ ചിരിച്ച മുഖവുമായി ഓടിയെത്തി. കാരണം പരുന്തിനെ കൊണ്ട് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഇവർക്ക്. വനംവകുപ്പ് അധികൃതർക്ക് കൈമാറിയെങ്കിലും തുറന്നുവിട്ടാൽ വീണ്ടും തിരിച്ചു വരുമോയെന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു.
തിരിച്ച് വന്നത് കർണാടക അതിർത്തിയിൽ നിന്ന്
കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിലാണ് ഫോറസ്റ്റ് അധികൃതർ പരുന്തിനെ ആദ്യം തുറന്നുവിട്ടത്. ഇത് വീണ്ടും തിരിച്ചു വന്നത് മറ്റൊരു പരുന്തുമായാണ്. നടന്ന് പോയവർക്കും വണ്ടിയിൽ പോയവർക്കും മീൻ വിൽപനക്കാരനുമടക്കം നിരവധിപ്പേർ പരുന്തിൻ്റെ ആക്രമണത്തിന് ഇരയായി. രോഗം ബാധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവരെയും ജീവനക്കാരെയും പരുന്ത് കൊത്തി ഓടിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. പ്രശ്‌നം ഗുരുതരമായതോടെ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരമറിയിക്കുകയും തുടർന്ന് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ജനുവരി 26ന് പിടിച്ച് കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസിലെത്തിച്ച് കർണാടക വനാതിർത്തിയിൽ തുറന്നുവിടുകയായിരുന്നു. ആറുദിവസത്തിന് ശേഷം പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തി.