തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും സംസ്ഥാന ക്രമസമാധാന എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ വിജിലൻസ് കേസെടുക്കണമെന്ന പരാതിയിൽ അന്വേഷണം നടന്ന് വരികയാണെന്ന് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികൾ ശേഖരിക്കുന്നു. വിശദമായ നിയമ ഉപദേശം നേടേണ്ടത് ഉണ്ട്. ഇതിനായി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
ഡിവൈഎസ്‌പി ഷിജു പാപ്പച്ചനാണ് സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് 25 ലേക്ക് മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്വർണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രൊസിക്യൂഷൻ നടപടികൾ ഒഴിവാക്കാൻ പ്രതികളിൽ നിന്ന് കോഴ കൈപ്പറ്റൽ, അനധികൃത സ്വത്ത് സമ്പാദനം, ഇൻ്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ, സോളാർ കേസ് അട്ടിമറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
സർക്കാർ പി ശശിയെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്‌പി സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്‌ടർ യോഗേഷ് ഗുപ്‌തയ്ക്ക് പരാതി നൽകിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താൽ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരനായ അഡ്വ പി നാഗരാജ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Also Read:'സ്വർണ്ണക്കടത്തില്‍ പങ്ക്, കമ്മീഷൻ വാങ്ങി കേസൊതുക്കൽ'; പി ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് പിവി അൻവർ