കുരുമുളക് കൃഷിയിലെ 'വിയറ്റ്നാം മോഡല്‍'; കറുത്തപൊന്നില്‍ നിന്ന് പൊന്നു വാരുന്ന 'ബൈജൂസ്' വിജയ ഗാഥ
വിളവ് നൂറിരട്ടിയാക്കുന്ന വിയറ്റ്‌നാം മോഡല്‍ കൃഷിരീതിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. കാഞ്ഞിരോട് സ്വദേശി ബൈജു ഫലപ്രദമായ ഈ രീതി പരീക്ഷിച്ച് വിജയിച്ചയാളാണ്. വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷി രീതിയെപ്പറ്റി അറിയാം.
കണ്ണൂർ: കണ്ണൂരും വിയറ്റ്നാമും തമ്മില്‍ നേരിട്ട ബന്ധമൊന്നുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ കൂടുതലുള്ള രണ്ട് പ്രദേശങ്ങളെന്ന് വേണമെങ്കില്‍ ഒരു സാദൃശ്യം പറയാം. ഈ സാദൃശ്യം കണ്ടൊന്നുമല്ല കണ്ണൂരിലെ കാഞ്ഞിരോടുകാരന്‍ സി എച്ച് ബൈജു കുരുമുളകു കൃഷിയിലെ വിയറ്റ്നാം ശൈലി പരീക്ഷിച്ചത്.
മറ്റേതൊരു കര്‍ഷകനേയും പോലെ ബൈജുവും കുരുമുളകു കൃഷിയിലെ വരുമാന സാധ്യത മനസിലാക്കിക്കൊണ്ടു തന്നെയാണ് ഇതിലേക്കിറങ്ങിയത്. ആദായം കൊണ്ടുവരുന്ന 'കറുത്ത പൊന്ന്' എന്ന് പൊതുവേ കുരുമുളകിനെക്കുറിച്ച് എല്ലാവരും പറയുമെങ്കിലും, കുരുമുളക് കൃഷിയുടെ ആഴവും വ്യാപ്‌തിയും അങ്ങനെ പരന്നു കിടക്കുകയാണ്.
കുരുമുളക് കൊടി (ETV Bharat)
വരുമാനം ലക്ഷ്യമിട്ട് കൃഷിയിലേക്കിറങ്ങുന്ന പലരുടെയും ആദ്യ ഓപ്‌ഷനുകളില്‍ ഒന്നു തന്നെയാണ് കുരുമുളക്. കാലാവസ്ഥയും മണ്ണും പരിപാലനവും അനുയോജ്യമായാല്‍ കുരുമുളക് കൃഷിയില്‍ നിന്ന് 'പൊന്ന്' തന്നെ വാരാം.
ബൈജു കൃഷിയിടത്തില്‍ (ETV Bharat)
പ്രവാസ ലോകത്തു നിന്ന് കര്‍ഷകനിലേക്ക്:നീണ്ട 38 വര്‍ഷം പ്രവാസിയായിക്കഴിഞ്ഞ ശേഷമാണ് ബൈജു നാട്ടിലെത്തുന്നത്. റഷ്യ, തുർക്കി, അൾജീരിയ, ദുബായ്, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ ജോലി ചെയ്‌ത ശേഷം അൾജീരിയൻ കമ്പനിയിൽ കൺസ്ട്രക്ഷൻ മാനേജരായി വിരമിച്ചാണ് ഇദ്ദേഹം നാട്ടിലെത്തിയത്. സ്വദേശമായ കാഞ്ഞിരോട്ട് എത്തിയ സി എച്ച് ബൈജു കൈവെച്ചതും കുരുമുളക് കൃഷിയിലായിരുന്നു.
കുരുമുളക് കൃഷിയിടത്തില്‍ ഇടവിളയായി മധുരക്കിഴങ്ങ് (ETV Bharat)
കുരുമുളക് കൃഷിയില്‍ പല രീതികള്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ബൈജുവിന് ഫലം നല്‍കിയത് ഒരു കിടിലന്‍ കാര്‍ഷിക രീതിയാണ്. വെറുമൊരു കൃഷി എന്ന ആശയത്തിൽ നിന്ന് വിഭിന്നമായി ചെയ്യുക എന്നതിൽ നിന്നാണ് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയിലേക്ക് പരീക്ഷണാസ്ഥാനത്തിൽ ബൈജു ഇറങ്ങിയത്.
വിയറ്റ്‌നാം മോഡലില്‍ കുരുമുളക് കൃഷി ചെയ്‌തിരിക്കുന്നു (ETV Bharat)
എന്താണ് വിയറ്റ്നാം മോഡല്‍ കുരുമുളക് കൃഷി :കുരുമുളക് കൃഷിയിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങിന് പകരം നിർജീവകാലുകൾ ഉപയോഗിക്കുന്ന രീതിയാണ് വിയറ്റ്‌നാം മോഡൽ. താങ്ങും കാലും കുരുമുളക് ചെടിയും തമ്മിൽ വെള്ളത്തിനും വളത്തിനും ഉള്ള മത്സരം ഒഴിവാകുന്നു. സൂര്യപ്രകാശം തടസമില്ലാതെ ലഭിക്കുന്നതിലൂടെ കൂടുതൽ വിളവ് ലഭിക്കുന്നു എന്നതാണ് വിയറ്റ്നാം മോഡലിന്‍റെ പ്രത്യേകത.
കുരുമുളക് കൃഷി (ETV Bharat)
തളിപ്പറമ്പ പന്നിയൂരിൽ നിന്നാണ് ബൈജു കൃഷിക്ക് വേണ്ട ചെടികൾ എതിർക്കുന്നത്. വിയറ്റ്‌നാം കൃഷിക്ക് പ്രത്യേകമായി കുരുമുളക് തൈകൾ ഇല്ല എന്നതും ഏതൊരാൾക്കും ചെയ്യാം എന്നത് കൃഷി എളുപ്പമാക്കുന്നു.
ഇടവിളയായി കൃഷി ചെയ്‌ത പാവല്‍ (ETV Bharat)
എപ്പോൾ കൃഷി ചെയ്യാം....?
വിയറ്റ്‌നാം മോഡൽ കുരുമുളക് കൃഷിക്ക് കാലം ഇല്ലെന്നാണ് ബൈജു പറയുന്നത്. വേനൽ കാലമോ മഞ്ഞെന്നോ മഴയെന്നോ പ്രശ്‌നമില്ല. പക്ഷെ വളർച്ചക്ക് വെയിൽ അനിവാര്യമാണ്, അതോടൊപ്പം വെള്ളവും. ശാഖകൾ ഇല്ലാത്ത താങ്ങുകൾ ആയതിനാൽ ദിവസേന വെള്ളമൊഴിക്കേണ്ടത് അനിവാര്യമാണ്.
കുരുമുളക് കൃഷി വിയറ്റ്‌നാം മോഡലില്‍ (ETV Bharat)
ബൈജു കൃഷി ചെയ്‌തത് ഇങ്ങനെ : വീടിനോട് ചേർന്ന് കാടുമൂടി കിടന്നിരുന്ന സ്ഥലമാണ് കൃഷി യോഗ്യമാക്കി മാറ്റിയത്. ആദ്യം സ്ഥലം നിരപ്പാക്കി കാട്ടുപന്നികളുടെയും മറ്റും ശല്യം തടയാൻ വേലി കെട്ടി തിരിച്ചു. ആദ്യ ഘട്ടത്തിൽ 12 സെന്‍റിൽ 52 താങ്ങു കാലുകൾ ഒരുക്കി കൃഷി തുടങ്ങി. വെയിൽ കൊള്ളുന്ന തരിശായ ഏതിടവും വിയറ്റ്‌നാം മോഡൽ കുരുമുളക് കൃഷിക്ക് ഉപയോഗിക്കാം എന്ന് ബൈജു പറയുന്നു.
കൃഷിയ്‌ക്കായി നിലം ഒരുക്കുന്നു (ETV Bharat)
രണ്ടര മീറ്റർ ഉയരവും നാലിഞ്ചു വ്യാസമുള്ള പിവിസി പൈപ്പിൽ കോൺക്രീറ്റ് നിറച്ചാണ് താങ്ങുകൾ ഒരുക്കിയത്. പൈപ്പിലെ മിനുസ പ്രതലത്തിലൂടെ വള്ളികൾക്ക് പടർന്നു കയറാൻ പ്രയാസം ഉണ്ടാവുന്നതിനാൽ പൈപ്പിന് ചുറ്റും ഷീറ്റ് വേലി പൊതിഞ്ഞു.
വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷി (ETV Bharat)
പന്നിയൂരിൽ നിന്നെത്തിച്ച തൈകൾ നട്ടു. ആയിരം ലിറ്ററിന്‍റെ ടാങ്ക് സ്ഥാപിച്ചതിലൂടെ വെള്ളം യഥേഷ്‌ടം ലഭിക്കാൻ വഴി ഒരുക്കി. കുരുമുളക് വള്ളി രണ്ടര മീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും രണ്ടര മീറ്റർ പിവിസി പൈപ്പ് കൂടി ജോയിൻ ചെയ്‌ത് പടർന്നു കയറാനുള്ള സൗകര്യം ഒരുക്കി.
വിയറ്റ്‌നാം മോഡലിലെ കൃഷിയിടം (ETV Bharat)
ചെറിയ ഏണി ഉപയോഗിച്ച് കുരുമുളക് വിളവെടുക്കാം എന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. സാധാരണ കുരുമുളക് തോട്ടങ്ങളിൽ എന്നതുപോലെ മരച്ചില്ലകൾ പടർന്നു കയറില്ല എന്നതിനാൽ ഇടവിളയായി വെണ്ട, പയർ, വഴുതന പാവൽ ചീര തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളും മധുരക്കിഴങ്ങും വാഴയും ബൈജു തന്‍റെ തോട്ടത്തിൽ കൃഷിയിറക്കിയിട്ടുണ്ട്.