തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി വൈസ് പ്രസിഡൻ്റ് ജഗ്‌ദീപ് ധൻഖർ ശനിയാഴ്‌ച തിരുവനന്തപുരത്തെത്തി. വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഐഐഎസ്‌ടി) നടന്ന 12-ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തു. യുവാക്കൾക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്ന് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ ജഗ്‌ദീപ് ധൻഖർ പറഞ്ഞു.
'രാഷ്‌ട്രത്തിൻ്റെ ഭാവി കെട്ടിപ്പടുക്കുന്ന യുവാക്കളോട് സംസാരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും സ്ഥലമാണ്, ലോകം അത് അംഗീകരിക്കുന്നു', ജഗ്‌ദീപ് ധൻഖർ പറഞ്ഞു. യുവാക്കളുടെ താത്പര്യങ്ങളും കഴിവും വളർത്തിയെടുക്കാൻ ഇന്ത്യയിൽ തന്നെ സാധിക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ഒരിക്കലും പഠനം നിർത്തരുതെന്ന് വിദ്യാർഥികളോട് അഭ്യർഥിച്ച ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ നിങ്ങളുടെ കഴിവുകൾ പൂർണമായി പര്യവേക്ഷണം ചെയ്യണമെന്നും അതിനുള്ള ധാരാളം അവസരങ്ങൾ രാജ്യത്തുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രഗൽഭരായ അധ്യാപകരെയാണ് ഐഐഎസ്‌ടിയിലെ വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അധ്യാപകർ, വിദ്യാർഥികൾ, മറ്റ് ഫാക്കൽറ്റികൾ ഉൾപ്പടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ ആളുകളെയും അഭിനന്ദിച്ചു.