ഇമ്മിണി വല്യ എഴുത്തുകള്‍ കാണണോ ? വേശാല സ്‌കൂളിലേക്ക് വന്നോളൂ.. ഇവിടെയുണ്ട് എഴുത്തുകാരിലെ കുട്ടി പട്ടാളങ്ങൾ കണ്ണൂർ:വേശാല ഈസ്റ്റ് എയ്‌ഡഡ് എൽ.പി. സ്‌കൂളിലെ മതിലുകളും ക്ലാസുകളും എല്ലാം എഴുത്തുകൾ കൊണ്ട് സമ്പന്നമാണ്. എന്നാല്‍ ഇതൊക്കെ എഴുതിയത് ആരെന്നറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും. ഇവിടുത്തെ ഒന്നാം ക്ലാസിലും, രണ്ടാം ക്ലാസിലും പഠിക്കുന്ന കൊച്ചുമിടുക്കന്മാരുടേതും, മിടുക്കികളുടേതുമാണ് ഈ സൃഷ്‌ടികളെല്ലാം.
ഒന്നാംതരം എഴുത്തുകാരാണ് ഈ കൂട്ടുകാരെല്ലാം. ഒരു വർഷത്തിനിടെ 70 പുസ്‌തകങ്ങളാണ് ഇവർ പുറത്തിറക്കിയത്. അതിൽ പത്ത് ഇംഗ്ലീഷ് പുസ്‌തകങ്ങളുമുണ്ട്. ഒന്നാം ക്ലാസിലെ അധ്യാപിക എം.എം. വിജയകുമാരി ഓരോ കുട്ടിക്കും പലതരത്തിലുള്ള ഒന്നിലധികം ചിത്രകാർഡുകൾ നൽകി. അത് നോക്കി ഭാവനയിൽ ഉണരുന്ന കഥകളും കവിതകളുമാണ് അവർ എഴുതേണ്ടത്.
കുട്ടികളെ കൊണ്ട് ചെറിയ വരികളിലൂടെ ആശയങ്ങൾ പങ്കുവെപ്പിച്ചു. അവരിലെ കുഞ്ഞ് ഭാവനകളെ ഉണര്‍ത്തി. അങ്ങനെ എഴുതി തീർത്ത കഥകളും, കവിതകളും ആണ് അവരുടെ തന്നെ കൈപ്പടയോട് കൂടി പുസ്‌തകമാക്കിയത് (Vesala East LP School).
ഇവിടെ ഒന്നാം ക്ലാസ്സിൽ 19 കുട്ടികളും, രണ്ടാം ക്ലാസ്സിൽ 16 കുട്ടികളും ആണുള്ളത്. ഒന്നാം ക്ലാസിലെ കുട്ടികളാണ് എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്നവർ. ഈ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിൽ നടപ്പാക്കിയ സചിത്ര പുസ്‌തകം, സംയുക്ത ഡയറി എന്നിവയിലൂടെയാണ് ഇവർ എഴുത്തും വായനയും തുടങ്ങിയത്.
ഓരോ കുട്ടിയും എഴുതിയ അഞ്ചു ഡയറിക്കുറിപ്പുകൾ ഓമന കാഴ്‌ചകൾ എന്ന പേരിൽ പുസ്‌തകം ആക്കി പുറത്തിറക്കിയതോടെ ആയിരുന്നു തുടക്കം. പിന്നീട് പുസ്‌തക രൂപത്തിലേക്കുള്ള യാത്രയ്‌ക്ക് തുടക്കമിട്ടു (Vesala East LP School).
മലയാളം ഇമേജ് എഡിറ്റർ എന്ന ആപ്പിലൂടെയാണ് തുടങ്ങിയത്. കുട്ടികൾ എഴുതിയതിന് താഴെയായി അതേ വരികൾ പ്രിന്‍റ് ചെയ്‌തിട്ടുണ്ട്. വായന സൗകര്യത്തിനാണിത്. 30000 രൂപയോളം ചെലവഴിച്ചാണ് പുസ്‌തകങ്ങൾ പുറത്തിറക്കിയത്. രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് തുക കണ്ടെത്തിയത്.
എഴുത്ത് വൻ വിജയം ആയതോടെ കൊച്ചു കൂട്ടുകാരുടെ പുസ്‌തകങ്ങൾ വായനശാലകളിലേക്കും ഇറങ്ങി ചെന്നു (Vesala East LP School). സ്‌കൂളിനു സമീപത്തെ നവ പ്രഭാ വായനശാല, മഹാത്മാ ഗ്രാമോദ്ധാരണ വായനശാല, എൻ.കൃഷ്‌ണൻ സ്‌മാരക വായനശാല എന്നീ മൂന്ന് ലൈബ്രറികളിലേക്ക് 48 പുസ്‌തകങ്ങൾ നൽകിയിട്ടുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രചനകൾ ചേർത്തുള്ള നാരങ്ങാ മിഠായി എന്ന മറ്റൊരു പുസ്‌തകം 23ന് പഠനോത്സവത്തിൽ രക്ഷിതാക്കൾക്ക് വിതരണം ചെയ്യുന്നുണ്ട്.