ഇടുക്കി: കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി ഷെഫീക്കിന്‍റെ പിതാവ് ഷെരീഫിന് 7 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവും വിധിച്ചു. ഷെരീഫ് 50000 രൂപ പിഴയും ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഷഫീക്ക് വധശ്രമ കേസ് വിധിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. അനീഷക്കെതിരെ 307, ജെജെ ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തു.
ഷെഫീക്കിനെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 ജൂലൈ 15നാണ് ക്രൂരമായ മർദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്.
വർഷങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ഷെഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷെഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്‌സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടാണ് രാഗിണി പ്രതികരിച്ചത്.
Also Read:യുപി സ്വദേശിയായ 6 വയസുകാരിയുടെ കൊലപാതകം; രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും