വയനാട്: ചുറ്റുമുള്ള അവസ്ഥ കണ്ട് വെള്ളാർമല സ്‌കൂൾ പോലും ഒരു പക്ഷെ കരയുന്നുണ്ടാകാം. സ്‌കൂൾ ഭൂരിഭാഗവും തകർന്നത് മാത്രമല്ല ഈ സ്‌കൂൾ മുറ്റത്ത് പൂമ്പാറ്റകളെപോലെ പറന്നു കളിച്ച 32 കുട്ടികൾ ഇനി തിരിച്ചുവരില്ല. മലയിടിച്ചലിൽ വെള്ളാർമല ഗവ വിഎച്ച്‌എസ്‌എസ്സിന് 32 കുഞ്ഞുങ്ങളെയാണ് നഷ്‌ടപ്പെട്ടത്. 20 പേർ ഇനിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
12 പേർ ഇപ്പോഴും കാണാമറയത്താണ്. മരണത്തിൻ്റെ മണമുണ്ടായിരുന്ന മണ്ണിടിച്ചലിൽ അവർ പെട്ടുപോയിക്കാണും. പത്താം ക്ലാസിലെ ഉറ്റ സുഹൃത്തുക്കളായ അഞ്ചുപേരും ഇതിലുണ്ട്. ഇവർക്ക് സ്‌കൂൾ വിടുമ്പോൾ ഒരുമിച്ച് യാത്രയൊരുക്കാൻ മുണ്ടക്കൈയിൽനിന്നുള്ള അഞ്ചുപേരെയും ഒരു ഡിവിഷനിൽ ഉൾപ്പെടുത്തിയ അധ്യാപകരുടെ കരുതൽ നിഷ്‌ഫലമായി.
ജീവനോടെ രക്ഷപ്പെടുത്താൻ ഇനി ആരും ഇല്ലെന്നു സൈന്യം അറിയിച്ചപ്പോൾ അധ്യാപകരുടെയും നാട്ടുകാരുടെയും മാത്രമല്ല സ്‌കൂളിൻ്റെ നെഞ്ചും പിളർന്നിട്ടുണ്ടാകും. അത്ഭുതങ്ങൾ സംഭവിക്കുമെന്നും കൂട്ടുകാരിൽ ചിലരെങ്കിലും ജീവനോടെ തിരികെയെത്തുമെന്നും ആശിക്കുകയാണ് സഹപാഠികളും അധ്യാപകരും ഉറ്റവരും.
ക്യാമ്പുകളിലെയും ആശുപത്രികളിലെയും ബന്ധുവീടുകളിലേയും അന്വേഷണങ്ങൾക്ക് ശേഷമാണ് അധ്യാപകർ 32 പേരുടെ പട്ടിക തയ്യാറാക്കിയത്. മരിച്ചവരിൽ 14 ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ. കാണാതായ 12 പേരിൽ ഏഴ് ആൺകുട്ടികളാണുളളത്. ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് പഠിക്കുന്ന കുട്ടികളെയാണ് നഷ്‌ടമായത്.
Also Read:തകര്‍ച്ചയിലും തുണയായി നിന്ന വെളളാര്‍മല സ്‌കൂള്‍, മണ്ണെടുത്തത് ചൂരല്‍മലയിലെ അക്ഷര കൂടാരത്തെ