തിരുവനന്തപുരം: ലിഫ്‌റ്റില്‍ 48 മണിക്കൂര്‍ കുടുങ്ങിക്കിടന്ന ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുമല സ്വദേശി രവീന്ദ്രന്‍ നായരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. രവീന്ദ്രന്‍ നായര്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ എത്തി സന്ദര്‍ശിക്കുന്ന ചിത്രം മന്ത്രിയുടെ ഓഫിസാണ് പുറത്ത് വിട്ടത്. സന്ദര്‍ശനം സംബന്ധിച്ച അറിയിപ്പുകളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കാതെ അതീവ രഹസ്യമായായിരുന്നു മന്ത്രി മെഡിക്കല്‍ കോളജ് പേ വാര്‍ഡിലെത്തിയത്.
പൊതുപ്രവര്‍ത്തകനും സിപിഐ തിരുമല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കൂടിയാണ് ലിഫ്‌റ്റില്‍ കുടുങ്ങിയ രവീന്ദ്രന്‍ നായര്‍. തിരുവനന്തപുരത്ത് 1996 മുതല്‍ 98 വരെ എംപിയായിരുന്ന സിപിഐ നേതാവ് കെവി സുരേന്ദ്രനാഥിന്‍റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു സുരേന്ദ്രന്‍ നായരെങ്കിലും അദ്ദേഹത്തെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചതായി അറിയിച്ചുകൊണ്ട് പുറത്തുവിട്ട പത്രക്കുറിപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിരിക്കുന്നത് ലിഫ്‌റ്റില്‍ കുടുങ്ങിയ രോഗി എന്നാണ്.