ആരോഗ്യമന്ത്രി മാധ്യമങ്ങളോട് കോഴിക്കോട്:മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അനിതയ്‌ക്ക് വീഴ്‌ച പറ്റിയിട്ടുണ്ടെന്നും അതാണ് ജോലിയില്‍ തിരിച്ചെടുക്കാത്തതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്.
അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. ഡയറക്‌ടര്‍ മെഡിക്കല്‍ എജുക്കേഷന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അഞ്ച് പേരുടെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അനിതയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
അനിതയുടെ വീഴ്‌ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അതിന് ശേഷം കോടതി നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിജീവിതയ്‌ക്ക് ഒപ്പമാണ് സര്‍ക്കാരെന്നും അതിന്‍റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേസില്‍ നടപടി നേരിട്ട അനിതയെ ഏപ്രില്‍ 1ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 4 ദിവസമായി ഇതുമായി അനിത ആശുപത്രിയില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ തനിക്ക് സ്വന്തമായി ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.സുജിത്ത് ശ്രീനിവാസന്‍ പറഞ്ഞു.
2023 മാര്‍ച്ച് 18നാണ് ശസ്‌ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിലായിരുന്ന യുവതി ആശുപത്രിയിലെ ഐസിയുവില്‍ വച്ച് പീഡനത്തിനിരയായത്. ആശുപത്രിയിലെ അറ്റന്‍ഡറാണ് യുവതിയെ പീഡിപ്പിച്ചത്. പരാതി നല്‍കിയ യുവതിയോട് മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ വനിത ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്.