കേരളം

kerala

ETV Bharat / state

'ബസിലെ മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതില്‍ രാഷ്‌ട്രീയ ഗൂഡാലോചന': പ്രതിപക്ഷ നേതാവ് - VD SATHEESHAN ON MEMORY CARD ISSUE - VD SATHEESHAN ON MEMORY CARD ISSUE

കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയെന്ന് ആരോപിച്ച് വിഡി സതീശൻ. യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം. ഇരട്ടനീതി പാടില്ലെന്നും പ്രതിപക്ഷ നേതാവ്.

ARYA RAJENDRAN KSRTC DRIVER ISSUE  VD SATHEESHAN ON MAYOR KSRTC ISSUE  വിഡി സതീശൻ  ആര്യ രാജേന്ദ്രൻ
VD SATHEESHAN ON MEMORY CARD ISSUE

By ETV Bharat Kerala Team

Published : May 2, 2024, 1:52 PM IST

തിരുവനന്തപുരം:മേയറും കെ എസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്.

കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നു പരിശോധിക്കണം. മേയറും എംഎല്‍എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്‍റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്.

ഈ സംഭവത്തില്‍ പൊലീസിനും കെഎസ്ആര്‍ടിസി മാനേജ്മെന്‍റിനും ഗുരുതര വീഴ്‌ച പറ്റി. നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെഎസ്ആര്‍ടിസിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ?

ബസിന്‍റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്‌താലും ഇതാണോ കെഎസ്ആര്‍ടിസിയുടെ സമീപനം? അതോ മേയര്‍ക്കും എംഎല്‍എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെഎസ്ആര്‍ടിസി സംരക്ഷിക്കുന്നത്?

മേയറും സംഘവും ബസ് തടഞ്ഞെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പൊലീസ് മേയറെയും എംഎല്‍എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പിലൂടെ ചോദിച്ചു. ഇരു ഭാഗത്തിന്‍റെയും പരാതികള്‍ അന്വേഷിച്ച് ആര് കുറ്റം ചെയ്‌താലും ഉചിതമായ നടപടി വേണം. മേയര്‍ക്കും എംഎല്‍എയ്ക്കും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന് മറക്കരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Also Read :കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് എവിടെ പോയി? അന്വേഷണത്തിന് പൊലീസ്

ABOUT THE AUTHOR

...view details