തിരുവനന്തപുരം:എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീര്‍ത്തികരവും അവാസ്‌തവവും വ്യാജവുമായ പ്രസ്‌താവന ഏഴ് ദിവസത്തിനകം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിഡി സതീശന്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 20ന് തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിജി സതീശനെതിരെ ഇപി ജയരാജന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായര്‍ മുഖേനയാണ് വിഡി സതീശന്‍ നോട്ടീസ് അയച്ചത്. ഇപി ജയരാജന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന സതീശന്‍റെ ആരോപണത്തിന് മറുപടി നല്‍കാൻ ഇപി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
വിഡി സതീശനെതിരെയുള്ള പരാമര്‍ശം:കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായുള്ള, തലവെട്ടിമാറ്റിയുണ്ടാക്കിയ ചിത്രം പ്രചരിപ്പിക്കുകയാണെന്നും അതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്. ഇത്തരത്തില്‍ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് വിഡി സതീശൻ. അശ്ലീല വീഡിയോ നിർമിച്ച് വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളായി സതീശൻ മാറിയെന്നുമായിരുന്നു ഇപിയുടെ പരാമർശം.