തിരുവനന്തപുരം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോൺഗ്രസിൽ താനടക്കം ആരും തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് കോൺഗ്രസിന് അതിൻ്റേതായ രീതിയുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന്, ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
'മുഖ്യമന്ത്രി ഇത്രയും തമാശ പറയരുത്. കാരണം 2006 ൽ നമുക്ക് ഓർമയുണ്ട്. വിഎസ് അച്യുതാനന്ദന് സീറ്റ് കൊടുക്കാതിരുന്ന് അവസാനം വി എസ് പോളിറ്റ് ബ്യൂറോയിൽ നിന്ന് സീറ്റും മേടിച്ച് ഇവിടെ ലാൻഡ് ചെയ്‌തത് ഓർമയുണ്ടല്ലോ. എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത്. എന്നിട്ട് അദ്ദേഹം മുഖ്യമന്ത്രിയായി. ആ 5 വർഷം എന്താണ് നടന്നതെന്ന് അറിയാമല്ലോ'. വി ഡി സതീശൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
'2011 ൽ വീണ്ടും വി എസ് മുഖ്യമന്ത്രിയാകുമെന്ന് തോന്നിയപ്പോൾ ഭരണം തന്നെ വേണ്ടെന്ന് വെച്ചയാളാണ് പിണറായി വിജയൻ. അതിനാൽ ഞങ്ങൾക്ക് അധികം ക്ലാസെടുക്കാൻ വരരുത്. പഴയ കഥ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. വിഎസും പിണറായി വിജയൻ തമ്മിൽ നടന്നതൊന്നും ഞങ്ങൾ തമ്മിൽ എന്തായാലും ഉണ്ടാകില്ല. അതാരും തെറ്റിദ്ധരിക്കണ്ട. ഞങ്ങളുടെ പാർട്ടിയിലാരും മുഖ്യമന്ത്രി സ്ഥാനാർഥിയില്ല. ദേശീയ പാർട്ടി സമയത്ത് ആളെ തീരുമാനിക്കുന്നതായിരിക്കും. ഞങ്ങൾ ഒറ്റക്കെട്ടായി ഈ മുന്നണിയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരും. അതിനുള്ള എല്ലാ ശ്രമങ്ങളുമാണ് ഞങ്ങൾ നടത്തുന്നത്'. വി ഡി സതീശൻ പറഞ്ഞു.