തിരുവനന്തപുരം : പ്രത്യയ ശാസ്ത്രത്തിന്‍റെ പിൻബലത്തിലല്ല ഇടിമുറികളുടെ ബലത്തിലാണ് എസ്എഫ്ഐ ക്യാമ്പസുകളിൽ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് നിങ്ങൾ മഹാരാജാവല്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയനെതിരെ വിമർശനമുയർത്തി.
കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിന് മർദനമേറ്റ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോവളം എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാക്ക് ഔട്ട് പ്രസംഗം നടത്തിയിരുന്നു. സർക്കാരിനും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.
മുഖ്യമന്ത്രിയുടെ ഇന്നത്തെ നിയമസഭ പ്രസംഗം ക്യാമ്പസുകളിൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള രാഷ്ട്രീയ രക്ഷകർതൃത്വമെന്നും അദ്ദേഹം ആരോപിച്ചു. കല്യാശ്ശേരിയിൽ നടന്ന ആക്രമണത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചത് തിരുത്തില്ല എന്നുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു.