ഉള്ളുലച്ച ദുരന്തങ്ങൾ, കത്തികയറിയ വിവാദങ്ങൾ, കളം നിറഞ്ഞ രാഷ്ട്രീയ പോരുകൾ, സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങൾ... സംഭവബഹുലമായിരുന്നു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 2024. വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കാതെയായിരുന്നു വർഷത്തിന്‍റെ തുടക്കമെങ്കിലും സർവ മേഖലകളെയും പിടിച്ചു കുലുക്കിയ സംഭവ വികാസങ്ങൾക്ക് പിന്നീട് സംസ്ഥാനം സാക്ഷിയായി. പ്രത്യേകിച്ചും വലിയ പൊട്ടിത്തെറികള്‍ക്കാണ് രാഷ്‌ട്രീയ മേഖല സാക്ഷ്യം വഹിച്ചത്.
നിലവിലുണ്ടായിരുന്ന സഖ്യ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ച രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു സംസ്ഥാനം ഈ വർഷം കടന്ന് പോയത്, ലോക്‌സഭാ തെരഞ്ഞെടുപ്പും, ഉപതെരഞ്ഞെടുപ്പും. കേന്ദ്രം ഭരിക്കുന്ന ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്ന് 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തി. സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി ലോക്‌സഭാ എംപി ആയി. ഇതോടെ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ഉൾപ്പെടെ രണ്ട് കേന്ദ്രമന്ത്രി സ്ഥാനമാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്.
18 സീറ്റുകളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയപ്പോൾ മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണൻ ജയിച്ച ആലത്തൂരിലെ ഒരേ ഒരു സീറ്റാണ് എൽഡിഫിന് നിലനിർത്താനായത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി ശശി തരൂർ എംപിയും ആനി രാജയെ പരാജയപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും ലോക്‌സഭാ പ്രാതിനിധ്യം നിലനിർത്തി. അമേഠിയിലും വിജയക്കൊടി പാറിച്ച രാഹുൽ ഗാന്ധി സീറ്റൊഴിഞ്ഞതോടെ വയനാട്ടിലും, മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണനൊപ്പം എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലും ലോക്‌സഭയിലേക്ക് ചുവട് മാറ്റിയതോടെ പാലക്കാടും ചേലക്കരയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനും തിരശീല ഉയർന്നു.
വയനാട്ടിലും ചേലക്കരയിലും നവംബർ 13 നും കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് നവംബർ 20 നുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടിൽ രാഹുലിന്‍റെ ഒഴിവിലേക്ക് പ്രിയങ്ക ഗാന്ധി തന്നെ തന്‍റെ കന്നിയങ്കം കുറിച്ച് എത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം വാനോളം ഉയർന്നു. രാഹുൽ ഗാന്ധിയെയും മറികടന്ന ഭൂരിപക്ഷത്തിൽ പ്രിയങ്ക ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തന്‍റെ ആദ്യ ചുവടുറപ്പിച്ചപ്പോൾ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിലൂടെ യുഡിഎഫും ചേലക്കരയിൽ യു ആർ പ്രദീപിലൂടെ എൽഡിഎഫും സീറ്റ് നിലനിർത്തി.
കളം മാറ്റി ചവിട്ടിയവരിൽ പ്രധാനികള്‍
പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനമോഹങ്ങളും എല്ലാം സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പ് കാലത്തും മറനീക്കി വന്നു.പാലക്കാട്ടെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കിടയിൽ നടന്ന അപ്രതീക്ഷിത ട്വിസ്‌റ്റ് ആയിരുന്നു സരിന്‍റെ വലത് മാറി ഇടം ചവിട്ടിയ അടവ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സരിൻ കോൺഗ്രസിൽ നിന്ന് രാജിവക്കുകയായിരുന്നു. സിപിഐ എം നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ആണ് ഇടത് സഹയാത്ര ആരംഭിച്ചതെങ്കിലും ആദ്യ പോരാട്ടത്തിൽ പരാജയം അറിയേണ്ടിവന്നു.
പാലക്കാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വക്താവ് സന്ദീപ് വാര്യർ നടത്തിയ കൂടുമാറ്റം ആയിരുന്നു മറ്റൊരു ട്വിസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും അപ്രതീക്ഷിതമായായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് എൻട്രി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രചാരണ വേദികളിലും സന്ദീപ് വാര്യർ സജീവമായി. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കാന്‍ സന്ദീപ് വാര്യർ ഇപ്പോള്‍ മുന്‍നിരയിലുണ്ട്.
വിവാദങ്ങള്‍ കൊണ്ട് എന്നും ചർച്ചകളിൽ ഇടംപിടിച്ചിരുന്ന പിസി ജോർജിന്‍റെ ബിജെപി പ്രവേശനവും കോൺഗ്രസ് നേതാവ് കരുണാകരന്‍റെ മകൾ പത്മജ ബിജെപിയിലേക്ക് ചേക്കേറിയതും ഈ വർഷമായിരുന്നു. പാർട്ടിയിൽ നിന്നും അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും നേതാക്കളുമായുള്ള പ്രശ്‌നങ്ങൾ കാരണമാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുരളീധരനും ഉടക്കിട്ട് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു പത്മജയുടെ അരങ്ങുമാറ്റം.
കത്തിക്കയറിയ വിവാദങ്ങൾ
തെരഞ്ഞെടുപ്പുകളുടെ കാലമായത് കൊണ്ട് തന്നെ വിവാദങ്ങൾക്ക് ഒട്ടും പഞ്ഞമില്ലായിരുന്നു ഈ വർഷം. കുതികാൽ വെട്ടും കൂറുമാറ്റവുമെല്ലാം കളം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം പലപ്പോഴും അതിനാടകീയ വഴിത്തിരിവുകൾക്ക് വഴിയൊരുക്കി.
പൂരനഗരിയിലെ കോലാഹലങ്ങള്‍
തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് വിലയിരുത്തപ്പെടുന്ന വലിയ കോളിളക്കം സൃഷ്‌ടിച്ച വിവാദമായിരുന്നു തൃശൂർ പൂരം. പൂരത്തിനിടെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിടുന്നത്. ഏപ്രിൽ 21ന് പുലർച്ചെ മൂന്നിന് നടക്കാനിരുന്ന കരിമരുന്ന് പ്രയോഗത്തിന് തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ രാത്രി 10ന് സ്വരാജ് റൗണ്ടിൽ പൊലീസ് ബാരിക്കേഡ് വെച്ചടാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും പൂരനഗരിയിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞു.
തിരുവമ്പാടി ഭഗവതിയുടെ ഘോഷയാത്രയും പഞ്ചവാദ്യവും ഇതോടെ തടസപ്പെട്ടു. ഒൻപത് ആനകൾ അണിനിരക്കേണ്ട ഘോഷയാത്ര ഒരു ആനയെ മാത്രം അണിനിരത്തി നടത്തി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ടിയിരുന്ന കരിമരുന്ന് പ്രയോഗവും അനിശ്ചിതത്വത്തിലായി. അന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകൻ പൂരം കമ്മിറ്റിക്കാരെ വെടിക്കെട്ട് മൈതാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചത് തർക്കത്തിലേക്ക് നയിച്ചു. 4 മണിക്കൂർ വൈകി 7.15നാണ് കരിമരുന്ന് പ്രയോഗം ആരംഭിച്ചത്. രാവിലെ കണിമംഗലം ശാസ്‌താവിൻ്റെ ഘോഷയാത്ര ക്രമീകരിക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമായി.
സംഭവസ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയതോടെയാണ് പ്രശ്‌നം രാഷ്‌ട്രീയവത്കരിക്കപ്പെട്ടു തുടങ്ങുന്നത്. പൂരം അടുത്ത വർഷം മികച്ച രീതിയിൽ നടത്തുമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ സംഭവം തെരഞ്ഞെടുപ്പ് സ്റ്റണ്ടായി വ്യാഖ്യാനിക്കപ്പെട്ടു. ഗതാഗതം നിയന്ത്രിക്കപ്പെട്ട ഒരു സ്ഥലത്തേക്ക് സുരേഷ് ഗോപിക്ക് മാത്രം എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യങ്ങളുയർന്നു. സംഭവം വിവാദമായതോടെ പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്ന പേരിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ആദ്യം ആബുലന്‍സിൽ എത്തിയെന്ന് നിഷേധിച്ച സുരേഷ് ഗോപി പിന്നീട് ആംബുലന്‍സിൽ എത്തിയെന്ന് സമ്മതിച്ചു. പലപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളും ഉണ്ടായി.
തൃശൂർ പൂരം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം സംസ്ഥാനത്തിൻ്റെ സാമൂഹിക ഘടനയെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്നതായി ഔദ്യോഗികമായി അംഗീകരിച്ച സംസ്ഥാന സർക്കാർ വിഷയത്തിൽ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ പുരോഗതി അറിയിക്കണമെന്ന് അടുത്തിടെ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി അവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നാണ് പറയുന്നത്. ഇതോടെ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിരിക്കുകയാണ്.
എഡിജിപി - ആർഎസ്‌എസ് കൂടിക്കാഴ്‌ച്ച
'പൂരം കലക്കൽ' പൊലീസിന്‍റെ തിരക്കഥയാണെന്ന് ആക്ഷേപങ്ങളുയരുന്ന സന്ദർഭത്തിലായിരുന്നു എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ രഹസ്യ വിവരങ്ങൾ കൂടി പുറത്തു വരുന്നത്. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, രാം മാധവ് എന്നിവരുമായാണ് അജിത് കുമാർ കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ എഡിജിപിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ അന്ന് തയ്യാറായില്ല.
പാർട്ടിക്കുള്ളിൽ നിന്നുൾപ്പെടെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സ്ഥാനത്ത് നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് അജിത് കുമാറിനെ മാറ്റി. ഇതോടെ തൃശൂർ ബിജെപിക്ക് നൽകാനുള്ള ഇടതുപക്ഷത്തിന്‍റെ അറിവോട് കൂടിയുള്ള തിരക്കഥയായിരുന്നു പൂരം കലക്കലെന്ന ആരോപണം ശക്തമായി. ആർഎസ്എസ് എൽഡിഎഫ് അന്തർധാരയാണ് ഇതോടെ മറനീക്കി പുറത്തു വന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം ഡിജിപിയായി സ്ഥാന കയറ്റം നൽകാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചതോടെ ഈ ആരോപണം വീണ്ടും സജീവമായിരിക്കുകയാണ്.
അന്‍'വാർ'
ഈ ആരോപണങ്ങളെ ശരിവക്കുന്ന തരത്തിലായിരുന്നു ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്ന അന്‍വർ മുഖ്യമന്ത്രിയുമായി പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മേലും കീഴും നോക്കാതെ തുടരെ തുടരെ അന്‍വർ എയ്‌ത വിമർശന ശരങ്ങള്‍ പാർട്ടിയെയും മുഖ്യമന്തിയെയും തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. എസ്‌പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം റെക്കോഡ് ചെയ്‌ത് പുറത്ത് വിട്ടായിരുന്നു അൻവറിന്‍റെ വെളിപ്പെടുത്തലുകളുടെ തുടക്കം.
എഡിജിപി എംആർ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് അൻവർ തൊടുത്തുവിട്ടത്. കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്ന സംഘവുമായി എഡിജിപിക്ക് ബന്ധമുണ്ടെന്ന് അൻവർ പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് പുറകെ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തിട്ടും അജിത് കുമാറിനെതിരെ നടപടി ഉണ്ടാകാത്തത് അന്‍വറിനെ ചൊടുപ്പിച്ചു.
മുഖ്യമന്ത്രിയെ ചതിയനെന്നും ആർഎസ്‌എസ് പ്രീണകനെന്നും വിളിച്ച അന്‍വർ ഇടതുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതുണ്ടായില്ല. പകരം ഡിഎംകെ എന്ന കൂട്ടായ്‌മ രൂപീകരിച്ചു ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു.
മുഖ്യമന്ത്രിയുടെ പിആർ വിവാദം
ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊഴുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ദ ഹിന്ദുവിന് നൽകിയ അഭിമുഖവും കൈവിട്ടുപോകുന്നത്. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയെകുറിച്ച് നടത്തിയ പരാമർശം മുഖ്യമന്ത്രിയെ വീണ്ടും വെട്ടിലാക്കി. മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണങ്ങളോട് പ്രതികരിക്കാതെ വിട്ടുനിൽക്കാൻ ശ്രമിച്ചെങ്കിലും പിആർ ഏജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തരത്തിൽ ഹിന്ദു പുറത്തിറക്കിയ വാർത്താ കുറിപ്പ് വിവാദത്തിന് ആഴം കൂട്ടി.
മലപ്പുറത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉൾപ്പെടെ രംഗത്തെത്തി. വിവാദം കടുത്തതോടെ അഭിമുഖത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെയോ സംസ്ഥാന സർക്കാരിൻ്റെയോ അഭിപ്രായമല്ലെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.
നീല ട്രോളിയും പാതിരാ റെയ്‌ഡും
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ വനിതാ നേതാക്കളുടെ ഉൾപ്പെടെ ഹോട്ടൽ റൂമുകളിൽ പാതിരാത്രി നടന്ന പൊലീസ് റെയ്‌ഡ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കള്ളപ്പണം എത്തിച്ചെന്ന സംശയത്തിന്‍റെ പേരിൽ നവംബർ അഞ്ചിന് രാത്രി ബിന്ദു കൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് വനിതാ രാഷ്ട്രീയ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു പൊലീസിന്‍റെ പരിശോധന.
ഹോട്ടലിലേക്ക് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ കാര്യങ്ങൾ സംഘർഷത്തിന്‍റെ വക്കിലെത്തി. ഇതിനിടെ നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ ഇത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വസ്ത്രങ്ങളടങ്ങിയ ബാഗ് ആയിരുന്നുവെന്ന് പാർട്ടി വിശദീകരിച്ചു. കള്ളപ്പണം എത്തി എന്നതിന് തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാതായതോടെ സംഭവം ആരോപണം മാത്രമായി അവസാനിച്ചു. വോട്ടെടുപ്പിൻ്റെ തലേന്ന് രണ്ട് സുന്നി പത്രങ്ങളിൽ എൽഡിഎഫ് നൽകിയ പരസ്യവും പ്രചാരണത്തിൽ ചർച്ചയായിരുന്നു.
വടകരയിലെ കാഫിർ സ്‌ക്രീന്‍ഷോട്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തരത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിവാദമായിരുന്നു കാഫിർ സ്ക്രീൻഷോട്ട്. വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പാണ് വിവാദത്തിന്‍രെ പാശ്ചാത്തലം. യുഡിഎഫിന്‍റെ ഷാഫി പറമ്പിലും എൽഡിഎഫിന്‍റെ ശൈലജ ടീച്ചറും തമ്മിലായിരുന്നു മത്സരം. ഷാഫിക്ക് വോട്ട് ചോദിച്ചെന്ന തരത്തിൽ പ്രചരിച്ച ഒരു സ്ക്രീൻഷോട്ട് ആണ് പ്രശ്‌നങ്ങൾക്ക് തുടക്കമിടുന്നത്.
അഞ്ചു നേരം നിസ്‌കരിക്കുന്ന ഷാഫി പറമ്പിലിന് വോട്ട് ചെയ്യണോ അതോ എതിർപക്ഷത്ത് മത്സരിക്കുന്ന കാഫിർ ആയ സ്ത്രീക്ക് വോട്ട് ചെയണോ എന്നായിരുന്നു സ്ക്രീൻഷോട്ടിന്‍റെ ഉള്ളടക്കം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൻ്റെ (ഐയുഎംഎൽ) വിദ്യാർഥി സംഘടനയായ മുസ്‌ലിം സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ്റെ (എംഎസ്എഫ്) കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം പികെയുടെ പേരിലാണ് വിവാദ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. 'യൂത്ത് ലീഗ് നെടുമ്പ്രമണ്ണ' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീന്ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
കാസിമിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തില്ല. എന്നാൽ സമൂഹത്തിൽ വിദ്വേഷം പടർത്തുന്നുവെന്ന് ആരോപിച്ച് സിപിഎം നേതാവ് സി ഭാസ്‌കരൻ കാസിമിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പൊലീസ് കേസെടുത്തു. ശൈലജ മുസ്‌ലിം അല്ലാത്തതുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് പലരും വാദിച്ചതോടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ചർച്ച ഇസ്ലാമോഫോബിക്ക് തലത്തിലേക്ക് തിരിഞ്ഞു.
ഷാഫി പറമ്പിലിന് പിന്നിൽ മുസ്ലീം മതമൗലികവാദ സംഘടനകളുണ്ടെന്ന് ഉന്നത നേതാക്കൾ വരെ ആരോപിച്ചു. 50 ദിവസം പിന്നിട്ടിട്ടും സ്‌ക്രീൻഷോട്ടിന് പിന്നിലെ പ്രതികളെ പൊലീസ് കണ്ടെത്താത്ത സാഹചര്യത്തിൽ കാസിം കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം നടന്ന അന്വേഷണത്തിൽ സിപിഐഎം പ്രാദേശിക നേതാവും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റുമായ റിബീഷ് രാമകൃഷ്‌ണനാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചതെന്നും ഇത് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി.
കാസിം ഇത്തരമൊരു സന്ദേശം ഉണ്ടാക്കിയതിനോ പോസ്റ്റ് ചെയ്‌തതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജൂൺ 10ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഏപ്രിൽ 25 ന് ഉച്ചയ്ക്ക് 2.13 ന് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്‌തതായി റിബീഷ് സമ്മതിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തനിക്ക് വർഗീയ പോസ്റ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് റിബീഷ് പൊലീസിനോട് പറഞ്ഞു. ‘റെഡ് എൻകൗണ്ടർ’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ റിബേഷിൻ്റെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വടകരയിൽ നിന്നുള്ള ‘കാഫിർ’ സ്‌ക്രീൻഷോട്ട് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ആദ്യം പ്രചരിച്ചതെന്നും തെളിഞ്ഞതോടെ സംഭവം തിരിച്ചടിച്ചു .
ജയരാജന്‍ ജാവേദ്‌കർ കൂടിക്കാഴ്‌ച
സംഘ പരിവാറിനെതിരെ പ്രത്യക്ഷ യുദ്ധം പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സിപിഎമ്മിന് ഏറെ തലവേദനകൾ സൃഷ്‌ടിച്ച മറ്റൊരു കൂടിക്കാവ്‌ചയായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവ് ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്‌ച. തെരഞ്ഞെടുപ്പിന് മുൻപായി നടന്ന സംഭവം കൃത്യം വിധി എഴുതാനായി ജനം പോളിങ് ബൂത്തിലേക്ക് എത്തുന്ന അന്ന് തന്നെ പുറത്തു വന്നത് വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. ജയരാജൻ പാർട്ടി മാറുമെന്ന് അഭ്യൂഹങ്ങൾ പടർന്നു. പക്ഷെ ജയരാജനെ തള്ളിപ്പറയാൻ പാർട്ടിയോ പാർട്ടി വിട്ടുപോവാൻ ജയരാജനോ മുതിർന്നില്ല.
നവീന്‍ ബാബുവിന്‍റെ മരണം
എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് സമ്മേളനത്തിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ നടത്തിയ പ്രസംഗത്തിന് പുറകെ അദ്ദേഹം ആത്മഹത്യ ചെയ്‌ത സംഭവം കോരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ജോലിയുടെ സത്യസന്ധതയും ധാർമികതയും ചോദ്യം ചെയ്യപ്പെട്ട മനോവിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്‌തതെന്നും ഇതിന് കാരണം യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ നടത്തിയ തേജോവദവുമാണെന്ന് കുടുംബം വാദിച്ചു.
എന്നാൽ തെറ്റുകൾ ചൂണ്ടി കാണിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. എന്നാൽ ഇവർ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയതാണെന്ന കാര്യം സംഭവം ആസൂത്രിതമായിരുന്നുവെന്ന നിഗമനങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. പ്രതിഷേധം ശക്തമായതിനു ശേഷമാണ് ദിവ്യക്കെതിരെയും പാർട്ടി നടപടിയെടുത്തത്. കേസിൽ ദിവ്യ പിന്നീട് റിമാന്‍റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്‌തു.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തിന്‍റെ സുതാര്യത ചോദ്യം ചെയ്‌താണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് കുടുംബത്തിന്‍റെ നീക്കം.
അന്വേഷണ പുരോഗതിയിൽ നിർണായകമായ തെളിവുകളും മൊഴികളും ശേഖരിക്കാത്തതിനും എസ്‌ഐടിക്ക് നേരെ വിമർശനമുയർന്നു. ദിവ്യ നവീന്‍ ബാബുവിന് നേരെ ഉയർത്തിയ കൈക്കൂലി പരാതി വ്യാജമാണോ യഥാർഥമാണോ എന്ന് പോലും കണ്ടെത്താൻ സർക്കാറിനായിട്ടില്ല. സർക്കാർ ജോലിക്കാർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അനാവശ്യ രാഷ്ട്രീയ ഇടപെടലുകളും വെല്ലുവിളികളും സംഭവത്തോടെ ചർച്ചയായിരുന്നു.
മുനമ്പം വഖഫ് തർക്കം
കൊച്ചിയിലെ മുനമ്പം തീരദേശ ഗ്രാമത്തിലെ 404 ഏക്കറിലധികം ഭൂമിയിൽ സംസ്ഥാന വഖഫ് ബോർഡ് അവകാശവാദം ഉയർത്തുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. 2019 ലാണ് തർക്കം ആരംഭിക്കുന്നത്. 1950 ൽ സിദ്ദിഖ് സെയ്‌ത് എന്ന വ്യക്തി കോഴിക്കോട് ഫറൂക്ക് കോളേജിന് ദാനം ചെയ്‌തതായി പറയപ്പെടുന്നതാണ് ഈ ഭൂമി.
എന്നാൽ 1954-ൽ വഖഫ് നിയമം കൊണ്ടുവരുന്നതിന് മുമ്പ് ഭൂമി വാങ്ങിയ താമസക്കാർ ഇവിടം വിട്ട് പോകാന്‍ തയ്യാറല്ലെന്നും നിയമപരമായി ഭൂമി തങ്ങളുടേതാണെന്നും വാദിച്ചു. കോളജ് മാനേജ്‌മെൻ്റും അത് അന്ന് വഖഫ് സ്വത്തായി തരംതിരിച്ചിരുന്നില്ല. 2022-ഓടെ ഈ കുടുംബങ്ങൾക്ക് വില്ലേജ് ഓഫിസിൽ ഭൂനികുതി അടയ്ക്കാൻ കഴിയാതെയായി.
അന്ന് സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ താത്ക്കാലിക പരിഹാരം കണ്ടെങ്കിലും വഖഫ് സംരക്ഷണ സമതി (വഖഫ് പ്രൊട്ടക്ഷൻ ഫോറം) ഈ തീരുമാനത്തെ എതിർത്തു. കോടതി ഉത്തരവിൻ്റെ ഫലമായി നികുതി അടയ്ക്കൽ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് വഖഫ് നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രശ്‌നം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
മേയർ ഡ്രൈവർ വിവാദം
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി വാർത്തകളിൽ ഇടം പിടിച്ച് തുടങ്ങിയ ആര്യാ രാജേന്ദ്രന്‍, പിന്നീടങ്ങോട്ടേക്ക് വിമർശനങ്ങളും വിവാദങ്ങളുമായാണ് വാർത്തകളിൽ നിറഞ്ഞത്. ഏപ്രിൽ 27ന് പാളയത്ത് സാഫല്യം കോംപ്ലക്‌സിന് മുന്നിൽ യധു എന്ന ഡ്രൈവർ ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് ആര്യയും അവരുടെ ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവും മറ്റ് മൂന്ന് പേരും ചേർന്ന് തടഞ്ഞതായിരുന്നു ഏറ്റവും പുതിയ സംഭവം.
യദു തങ്ങളോട് മോശമായി പെരുമാറിയെന്ന് മേയർ ആരോപിച്ചു. യദുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. പകരം ആര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. പിന്നീട് യദു പൊലീസിനെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1-നെ സമീപിക്കുകയും ഒടുവിൽ കൻ്റോൺമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. കേസ് പിന്നീട് മ്യൂസിയം പൊലീസിന് കൈമാറി.
കേന്ദ്രം വേഴ്‌സസ് കേരള
കേന്ദ്രം സംസ്ഥാനത്തോട് സാമ്പത്തികമായി അവഗണന കാണിക്കുന്നുവെന്നാരോപിച്ച് ഫെബ്രുവരി 8 ന് ഡൽഹി ജന്ദർ മന്ദിറിൽ സംസ്ഥാന സർക്കാരിന്‍റെ പ്രതിഷേധം നടന്നു. മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത സമരം വലിയ തോതിൽ ദേശീയ ശ്രദ്ധ നേടി. കേരള ഹൗസിൽ നിന്നും ജന്തർമന്ദറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്.
സംസ്ഥാനത്തിനുമേൽ ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിൻറേതെന്നും മുഖ്യമന്ത്രി ജന്ദർ മന്ദിർ സമരവേദിയിൽ പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിനെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനം ഉയർത്തുന്ന ആരോപണങ്ങളെ കേന്ദ്രസർക്കാരിന്‍റെ തലയിൽ കെട്ടിവക്കാനുള്ള ശ്രമമാണ് സമരമെന്നായിരുന്നു പ്രതിപക്ഷാരോപണം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിംഗ് മാൻ, മുൻ ജമ്മുകശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, മുൻ കോൺഗ്രസ് നേതാവും എംപിയുമായ കപിൽ സിബൽ എന്നിവർ സമരത്തിന് പിന്തുണ അറിയിച്ചു.
നാഴികകല്ലായി വിഴിഞ്ഞം
പതിറ്റാണ്ടുകളുടെ പ്രതീക്ഷകൾ യാഥാർഥ്യമാക്കി കൊണ്ടാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റണ്ണിന്റെ ഭാഗമായി ആദ്യ കപ്പലടുത്തത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്‍റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ്പ് ആണ് ജൂലൈ 11 ന് തീരം തൊട്ടത്. 2000 കണ്ടെയ്നറുകളാണ് ട്രയൽ റണ്ണിന്റെ ഭാഗമായി തീരത്ത് വിജയകരമായി ഇറക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി ജി ആർ അനിൽ, വാസവൻ എന്നിവർ നേരിട്ടെത്തി കപ്പലിനെ സ്വീകരിച്ചു.
വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ തീരത്തേക്ക് ആനയിച്ചത്. പോർട്ടിന്‍റെ സ്ഥാനവും അത്യാധുനിക സജീകരണങ്ങളും ചരക്ക് ട്രാൻസ്ഷിപ്പിൽ വിഴിഞ്ഞത്തെ പ്രധാന ഹബ്ബാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. അദാനി ഗ്രൂപ്പിന്‍റെ സ്വകാര്യ മേഖല പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തിന്‍റെ അന്താരാഷ്ട്ര സമുദ്ര വ്യാപാര വികസനത്തിൽ തന്നെ ഒരു നാഴികകല്ലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തായാലും അടുത്ത വർഷത്തേക്കും വിവാദങ്ങളുടെ ചൂട് പടരുമെന്നതിൽ സംശയമില്ല. വികസന രംഗവും അത്തരത്തിൽ കൂടുതൽ മികവോടെ കുതിക്കട്ടെ.