തിരുവനന്തപുരം: ചികിത്സാപിഴവു കൊണ്ട് പിഞ്ചുകുഞ്ഞിന്‍റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യ മേഖലയില്‍ കാലങ്ങള്‍ കൊണ്ട് കേരളം ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഇല്ലാതാക്കരുതെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈ വിരല്‍ ശസ്‌ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാല് വയസുകാരിയുടെ നാവില്‍ ശസ്‌ത്രക്രിയ നടത്തിയത് ഞെട്ടിക്കുന്ന സംഭവവും ഗുരുതര ചികിത്സാപിഴവുമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് കാലങ്ങള്‍ കൊണ്ട് കേരളം ആരോഗ്യ മേഖലകളില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ നിരന്തരം ഇല്ലാതാക്കുകയെന്നതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതയാണ് തുടര്‍ച്ചയായി സംഭവിക്കുന്ന ചികിത്സാ പിഴവുകളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് ചികിത്സയ്ക്ക് എത്തുന്ന പാവങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത അവസ്ഥ പൂര്‍ണമായും ഇല്ലാതാക്കണമെന്നും സതീശൻ പറഞ്ഞു.
ഏത് സംഭവത്തിലും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപ്പോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യ വകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണ്. എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യ വകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ മന്ത്രിയുടെയും സര്‍ക്കാരിന്‍റെയും നിലപാട് മരുന്ന് ക്ഷാമം ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ്. അങ്ങനെയുള്ളവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണെന്നും സതീശൻ ചോദിച്ചു. നാലുവയസുകാരിയുടെ കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ചികിത്സ പിഴവിന് ഇരയായി നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഹര്‍ഷിനയുടെ അവസ്ഥ ഈ കുഞ്ഞിനും കുടുംബത്തിനും ഉണ്ടാക്കരുതെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Also Read :നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്‌ത്രക്രിയ: മെഡിക്കല്‍ കോളജിലെ പിഴവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി - SURGICAL ERROR IN KOZHIKODE MCH