കേരളം

kerala

ETV Bharat / state

കൻ്റോൺമെൻ്റ് ഹൗസിന് മുന്നില്‍ ബിജെപിയുടെ ഫ്ലെക്‌സ്; സുരക്ഷ വീഴ്‌ച ആരോപിച്ച് പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് - VD SATHEESAN COMPLAINED AGAINST BJP

പൂരം കലക്കലില്‍ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ബാന്ധവമുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതിന് തൊട്ടുപിന്നാലെ ഫ്ലെക്‌സ് സ്ഥാപിച്ച് ബിജെപി. ഇത് പൊലീസിൻ്റെ സുരക്ഷാവീഴ്‌ചയെന്ന് കാട്ടി ഡിജിപിക്ക് പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് പരാതി നൽകി.

VD SATHEESAN  കൻ്റോൺമെൻ്റ് ഹൗസ്  VD SATHEESAN AGAINST BJP  LATEST MALAYALAM NEWS
VD SATHEESAN (CONGRESS) (ETV Bharat)

By ETV Bharat Kerala Team

Published : Oct 14, 2024, 9:52 PM IST

തിരുവനന്തപുരം: വിഡി സതീശൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ബിജെപി - യുവമോർച്ച പ്രവർത്തകർ ഫ്ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിൽ സുരക്ഷാവീഴ്‌ചയെന്ന് പ്രൈവറ്റ് സെക്രട്ടറി. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കൻ്റോണ്‍മെൻ്റ് ഹൗസിൻ്റെ ഗേറ്റിന് മുന്നിലാണ് ഫ്ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

പൂരം കലക്കലില്‍ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ബാന്ധവമുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള ഫ്ലെക്‌സാണ് ഇന്ന് (ഒക്‌ടോബർ 14) കൻ്റോണ്‍മെൻ്റ് ഹൗസിൻ്റെ പ്രധാന കവാടത്തിന് മുന്നില്‍ ബിജെപിക്കാര്‍ സ്ഥാപിച്ചത്.

സമാനമായ രീതിയിലുള്ള ഫ്ലെക്‌സ് ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാന്‍ ശ്രമിച്ച ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞതായി പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് പൊലീസ് ചെയ്‌തത്.

മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ വച്ച് പ്രതിഷേധക്കാരെ തടയുകയാണ് പതിവ് രീതിയെന്നിരിക്കെ പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച ദുരൂഹമാണ്. കൻ്റോണ്‍മെൻ്റ് ഹൗസിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും സുരക്ഷ സംവിധാനത്തിലെ വീഴ്‌ചകള്‍ പരിഹരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതി പൂര്‍ണരൂപത്തില്‍:പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കൻ്റോണ്‍മെൻ്റ് ഹൗസിലേക്ക് ഇന്ന് നടന്ന അതിക്രമം അതീവ ഗുരുതരമായ സുരക്ഷാവീഴ്‌ചയാണ്. തിരുവനന്തപുരം നഗരത്തിലൂടെ പ്രകടനമായി വന്ന ബിജെപി- യുവമോര്‍ച്ച പ്രവര്‍ത്തകരും ക്രിമിനലുകളും കൻ്റോണ്‍മെൻ്റ് ഹൗസിൻ്റെ ഗേറ്റിന് മുന്നില്‍ പൊലീസിൻ്റെ സാന്നിധ്യത്തില്‍ ഫ്ലെക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിട്ടും യാതൊരു നടപടിയും പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല.

സമാനമായ രീതിയിലുള്ള ഫ്ലെക്‌സ് ബോര്‍ഡ് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. അവരെ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. എന്നാല്‍, പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെയും ക്രിമിനലുകളെയും നിര്‍ബാധം പ്രവേശിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് പൊലീസ് ചെയ്‌തത്. മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ വച്ച് പ്രതിഷേധക്കാരെ തടയുകയെന്ന പതിവ് രീതി ഒഴിവാക്കിയ നടപടി പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്‌ചയും അതീവ ദുരൂഹമാണെന്ന് കാണുന്നു.

കൻ്റോണ്‍മെൻ്റ് ഹൗസ് ഉള്‍പ്പെടുന്ന സ്ഥലത്തെ അധികാര പരിധിയിലുള്ള മ്യൂസിയം പൊലീസിൻ്റെ ഭാഗത്ത്‌ നിന്ന് നേരത്തെയും ഇത്തരത്തിലുള്ള ഗുരുതര വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ നേതാവ് ഓഫിസിലുണ്ടെന്ന ധാരണയില്‍ ഡിവെഎഫ്ഐ പ്രവര്‍ത്തകരായ ക്രിമിനലുകള്‍ കൻ്റോണ്‍മെൻ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മതില്‍ ചാടി കടന്ന് കൻ്റോണ്‍മെൻ്റ് ഹൗസിൻ്റെ പോര്‍ട്ടിക്കോവില്‍ എത്തുകയും പ്രതിപക്ഷനേതാവിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കുകയും ചെയ്‌തിരുന്നു. അക്രമകാരികളെ അന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയാണ് മ്യൂസിയം പൊലീസ്
ചെയ്‌തത്.

പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിക്കും നേരെയുണ്ടാകുന്ന നിരന്തര സുരക്ഷാ വീഴ്‌ചകള്‍ അതീവ ലാഘവത്തോടെയാണ് പൊലീസിൻ്റെ ഭാഗത്ത് നിന്ന് കാണുന്നത്. ഈ സാഹചര്യത്തില്‍ കൻ്റോണ്‍മെൻ്റ് ഹൗസിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും സുരക്ഷാ സംവിധാനത്തിലെ വീഴ്‌ചകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു.

Also Read:'പൂരം കലക്കിയതെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല, സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ ഗവര്‍ണര്‍ തര്‍ക്കം തുടങ്ങും': വിഡി സതീശന്‍

ABOUT THE AUTHOR

...view details