കാസർകോട്: അസമിലെ ഭീകരവാദ കേസിൽ അറസ്റ്റിലായ ഷാബ് ഷെയ്ഖ് കേരളത്തിലെത്തിയത് തേപ്പ് പണിക്കാരനായി. മാസങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയിരുന്നെങ്കിലും ദിവസങ്ങൾക്ക് മുന്നെയാണ് കാസർകോട് എത്തിയത്. തനിക്ക് ഇന്ത്യയിലെ ആധാർ കാർഡും ഇലക്ഷൻ ഐഡിയും ഉണ്ടെന്ന് ഇയാൾ പറയുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ കാണിക്കാൻ പറഞ്ഞപ്പോൾ കളഞ്ഞ് പോയെന്ന മറുപടി നൽകി. ഇത് എങ്ങനെ കിട്ടി എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇയാൾ വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഇയാൾക്ക് എതിരെ ചുമത്തും. തൻ്റെ അമ്മ ബംഗ്ലാദേശ് സ്വദേശിനി ആണെന്നും അച്ഛൻ ഇന്ത്യക്കാരൻ ആണെന്നും ഷാബ് ഷെയ്ഖ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യയിൽ എത്തിയത്. ഒരു സഹോദരിയെ ഇന്ത്യയിലേക്കാണ് കല്യാണം കഴിച്ചതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഇൻ്റലിജൻസ് അന്വേഷണത്തിൽ ഇയാളുടെ കുടുംബം മുഴുവൻ ബംഗ്ലാദേശിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ കേന്ദ്ര ഇൻ്റലിജൻസ് സംഘം ഷാബ് ഷെയ്ഖിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാഭ്യാസം നന്നേ കുറവുള്ള ആളാണ് ഷാബ് ഷെയ്ഖ്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഇതാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. കേരളത്തിൽ നിന്ന് എന്തെങ്കിലും തരത്തിൽ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.
അസമിലെ ഭീകരവാദ കേസിൽ പ്രതിയാണ് ഷാബ് ഷെയ്ഖ്. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്‌തത്. കേന്ദ്ര ഇൻ്റലിജൻസിൻ്റെ നിർദേശ പ്രകാരമാണ് ടാസ്‌ക് ഫോഴ്‌സ് കേരളത്തിൽ എത്തിയതെന്നാണ് സൂചന.
കേരള ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്‌തു. പടന്നക്കാട് ഒളിവിൽ കഴിയുന്നതിനിടെ ആണ് ഷാബിനെ പിടികൂടുന്നത്. നാല് മാസം മുൻപാണ് ഇയാൾ കാസർകോട് എത്തിയത്. മൂന്ന് ദിവസമായി പടന്നക്കാട് കഴിയുകയായിരുന്നു.