കേരളം

kerala

ETV Bharat / state

'ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണം, പ്രത്യേക പാക്കേജ് അനുവദിക്കണം': വിഡി സതീശന്‍ - VD satheesan About landslide - VD SATHEESAN ABOUT LANDSLIDE

കേരളത്തിലെ കാലാവസ്ഥ വ്യതിയാനം അവഗണിക്കാനാവില്ലെന്ന് പ്രതിപക്ഷം. ദുരിതബാധിതർക്കായി മൈക്രോ ലെവൽ പുനരധിവാസ പാക്കേജുകളായിരിക്കണം തയ്യാറാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

VD Satheesan About LANDSLIDES  വിഡി സതീശന്‍ ഉരുള്‍ പാക്കേജ്  UDF About Landslide Packages  വിഡി സതീശന്‍ വയനാട് ദുരന്തം
VD Satheesan (ETV Bharat)

By ETV Bharat Kerala Team

Published : Aug 13, 2024, 7:09 PM IST

Updated : Aug 13, 2024, 8:06 PM IST

വിഡി സതീശന്‍ മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം:സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകള്‍ കാലാവസ്ഥ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഇത് അവഗണിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി നേരത്തെ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെയും കോഴിക്കോട് വിലങ്ങാട്ടിലെയും ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് മുഖ്യമന്തി പിണറായി വിജയന് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം അവഗണിക്കാൻ കഴിയില്ലെന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും 2021 മുതൽ പ്രതിപക്ഷം പറയുന്നതാണ്. സംസ്ഥാനത്തെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ് തയ്യാറാക്കുക, ശാസ്‌ത്രീയ പരിശോധന നടത്താനും കൂടുതൽ നേരത്തെ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്‍റെ നിർദേശങ്ങൾ. അതിനുവേണ്ടി കേന്ദ്ര-സംസ്ഥാന കാലാവസ്ഥ വകുപ്പുകളും ശാസ്ത്ര സ്ഥാപനങ്ങളും കൊച്ചിൻ യൂണിവേഴ്‌സിറ്റി പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി ലോകത്തെ ശാസ്ത്രീയമായ എല്ലാ അറിവുകളും ഉപയോഗപ്പെടുത്തണം. നേരത്തെ നിരവധി പ്രകൃതിദുരന്തം നേരിട്ടുള്ളതാണ് നമ്മുടെ സംസ്ഥാനം. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ടുള്ള വികസന പ്രവർത്തനങ്ങൾ കാലാവസ്ഥ വ്യതിയാനം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം.

പ്രകൃതി ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി പുതിയ നിയമം കൊണ്ടുവരണമെന്നും യുഡിഎഫ് നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ദുരന്തബാധിതർക്ക് 100 വീടുകൾ നിർമിച്ചുനൽകുമെന്ന് രാഹുൽ ഗാന്ധി നേരത്തെ ഉറപ്പുനൽകിയിട്ടുണ്ട്. പദ്ധതിക്കായി സ്ഥലം കണ്ടെത്തിയാൽ ഉടൻ തങ്ങളുമായി ചർച്ച നടത്താമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിന്‍റെ ആഘാതം ഓരോ കുടുംബത്തെയും വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചത്. അതിനാൽ തന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് മൈക്രോ ലെവൽ പുനരധിവാസ പാക്കേജുകളായിരിക്കണം തയ്യാറാക്കേണ്ടതെന്ന് പ്രതിപക്ഷം നിർദേശിച്ചു.

കോഴിക്കോട് വിലങ്ങാട് 24 ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. പ്രദേശത്തെ നിരവധി വീടുകളും കൃഷിയിടങ്ങളും റോഡുകളും പാലങ്ങളും തകർന്നു. വിലങ്ങാടിനായി പ്രത്യേക പുനരധിവാസ പാക്കേജും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെയും വിലങ്ങാട്ടിലെയും ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളണമെന്ന നിർദേശങ്ങളും മുന്നോട്ടു വച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനങ്ങളെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായും വിഡി സതീശൻ പറഞ്ഞു.

Also Read: ദുരന്തമുണ്ടായതെങ്ങനെ..? അഞ്ചംഗ വിദഗ്‌ധ സംഘം വയനാട്ടില്‍; ദുരന്തഭൂമിയില്‍ ഇന്ന് വിശദമായ പരിശോധന

Last Updated : Aug 13, 2024, 8:06 PM IST

ABOUT THE AUTHOR

...view details