തിരുവനന്തപുരം: വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് പോലുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച തീരദേശ ഹൈവേ പദ്ധതി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ജന വിഭാഗമായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ആവാസ വ്യവസഥിതിയും തകര്‍ക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം. തീരദേശ ഹൈവേ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66നും തീരപ്രദേശത്തിനും ഇടയില്‍ ചില സ്ഥലങ്ങളില്‍ വെറും 50 മീറ്റര്‍ ദൂര വ്യത്യാസം മാത്രമാണുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ ദേശീയ പാതയ്ക്കും തീര പ്രദേശത്തിനുമിടയിലൂടെ മറ്റൊരു റോഡ് കൂടി വരുന്നതോടെ തീരപ്രദേശം പൂര്‍ണമായും ഇല്ലാതാകും. ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ട പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ ഇതുവരെ നടന്നിട്ടില്ല. തീരദേശ പാതയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് 2013ലെ നിയമ പ്രകാരമുള്ള നഷ്‌ട പരിഹാരം നല്‍കാതെ 13 ലക്ഷം രൂപയും താമസിക്കാനൊരു ഫ്ലാറ്റുമെന്ന വാഗ്‌ദാനത്തിലൂടെ മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരദേശത്ത് നിന്ന് ദേശീയ പാത 66 ലേക്ക് എത്തുന്ന റോഡുകളാണ് ആവശ്യം. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയ ജലപാത പദ്ധതി പൂര്‍ത്തിയാക്കിയാല്‍ ചരക്ക് നീക്കം അതു വഴിയാക്കാം. അതൊരു ബദല്‍ പാതയുമാകും.