തിരുവനന്തപുരം :കാഞ്ഞിരംപാറ മഞ്ചാടി മൂടിന് സമീപത്തെ ഹോട്ടലിൽ വാക്ക് തർക്കത്തിനിടയില്‍ ഹോട്ടൽ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. തൊഴുവൻകോട് ജങ്ഷന് സമീപം കരിക്ക് കച്ചവടം നടത്തുന്ന നെട്ടയം വിവേകാനന്ദനാർ കല്ലിംഗവിള രഹ്‌ന വീട്ടിൽ രമേശൻ (54) ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജിതമാണ്.
പരാതിക്കാരനായ കാഞ്ഞിരംപാറ സ്വദേശി അജി ശ്രീധരൻ ജോലി ചെയ്യുന്ന ഹോട്ടലിന് മുന്നിൽ നിന്ന് പ്രതികളിലൊരാൾ അസഭ്യം പറയുന്നത് ഇയാള്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധത്തിലാണ് രമേശനും മകനും ഒരു ബന്ധുവും കൂടി ഹോട്ടലിൽ അതിക്രമിച്ച് കയറി അക്രമം നടത്തി. പച്ചക്കറി നുറുക്കാന്‍ ഉപയോഗിക്കുന്ന തടിക്കട്ട ഉപയോഗിച്ച് പരാതിക്കാരൻ്റെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു.