കടത്തനാടന്‍ കളരിയുടെ മണ്ണായ വടകര, രാഷ്‌ട്രീയ കളരിക്കും പേരുകേട്ട ഭൂമികയാണ്. ഇത്തവണ കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രയോഗിക്കപ്പെട്ട പ്രധാന മണ്ഡലങ്ങളിലൊന്ന്. വടകരയില്‍ സിറ്റിങ് എംപിയായ കെ മുരളീധരനെ ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് പാലക്കാട്ട് നിന്നും ഷാഫിയുടെ വരവ് ഉണ്ടാകുന്നത്. തൃശൂരില്‍ മുരളീധരനെ ഇറക്കിയും കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ ഭാഗമായിരുന്നു ഇത്.
മറുവശത്ത് കേരളക്കരയൊട്ടാകെ ജനപ്രിയയായ ശൈലജ ടീച്ചറാണ്. 2021 അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വോട്ടിനാണ് ശൈലജ ടീച്ചര്‍ ജയിച്ചുകയറിയത്. വടകരയില്‍ രാത്രി 11.43 വരെ നീണ്ട വോട്ടെടുപ്പില്‍ 77.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019-ലെ 82.65-നെ അപേക്ഷിച്ച് കുറവാണിത്. എങ്കിലും പേരാമ്പ്രയും വടകരയും മികച്ച പ്രകടനം കാഴ്‌ചവച്ചത് ഇരു മുന്നണികള്‍ക്കും പ്രതീക്ഷയേകുന്നതാണ്. 14,21,883 വോട്ടർമാരിൽ 11,14,950 പേരാണ് മണ്ഡലത്തില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്‌ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. കെ കെ ശൈലജയും ഷാഫിയും ശക്തമായ മത്സരം കാഴ്‌ചവയ്ക്കുന്ന മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.